ഭാര്യയുമായി തർക്കം;രാജസ്ഥാനിൽ അഞ്ച്മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തറയിൽ അടിച്ചുകൊന്ന് പിതാവ്


ജയ്പൂർ : രാജസ്ഥാനിൽ അഞ്ച് മാസം പ്രായമായ ഇരട്ട പെൺകുട്ടികളെ പിതാവ് തറയിൽ അടിച്ചുകൊന്നു . രാജസ്ഥാനിലെ സികാറിലെ നീംകാ താന സിറ്റിയിലാണ് അരുംകൊല നടന്നത്. ആൺകുട്ടി വേണമെന്ന ആഗ്രഹം നടക്കാതായതോടെയാണ് പിതാവ് ഇരട്ടക്കൊല നടത്തിയത്. കൊലപാതകത്തിൽ പിതാവ് അശോക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആൺകുട്ടി വേണമെന്ന് പ്രതി നിരന്തരം ഭാര്യ അനിതയുമായി വഴക്കിട്ടിരുന്നു. ഇന്നലെ രാത്രിയും പ്രതി ഭാര്യയുമായി വാക്ക് തർക്കത്തിലേർപ്പെടുകയും ഭാര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നു.
തൊട്ട് പിന്നാലെ പ്രതി കുഞ്ഞുങ്ങളെ എടുത്ത് തറയിലടിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം കുഞ്ഞുങ്ങളുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടു. കൊലപാതകത്തെ കുറിച്ച് അറിഞ്ഞ കുഞ്ഞുങ്ങളുടെ അമ്മാവനാണ് വിവരം പൊലീസിൽ അറിയിച്ചത്.
