സിപിഐഎം എംപിമാര്‍ വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കും, പാര്‍ട്ടിയുടെ തീരുമാനം ബില്ലിനെ എതിര്‍ക്കാൻ: കെ രാധാകൃഷ്ണന്‍

k radhakrishnan
k radhakrishnan

ചെന്നൈ: സിപിഐഎമ്മിന്റെ നാല് എംപിമാരും വഖഫ് നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കെ രാധാകൃഷ്ണന്‍ എംപി. സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും. പാര്‍ട്ടിയുടെ തീരുമാനം ബില്ലിനെ എതിര്‍ക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

'വിഷയം കോണ്‍ഗ്രസുമായി സംസാരിച്ചിരുന്നു. പരമാവധി ആളുകളെ ഇക്കാര്യത്തില്‍ യോജിപ്പിക്കാനുള്ള ശ്രമം നടത്തും. ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ബില്ലാണ് ഇത്. നാളെ മറ്റേത് സമുദായത്തിനെതിരെയും ഇത് വരും. നമ്മളിലേക്ക് എത്തുന്നത് വരെ എതിര്‍ക്കാതിരിക്കുന്ന നിലപാട് അല്ല സ്വീകരിക്കേണ്ടത്. ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ബില്ലിനെ സിപിഐഎം എതിര്‍ക്കും', കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

വഖഫ് ബില്‍ ചര്‍ച്ചയില്‍ സിപിഐഎം എംപിമാര്‍ പങ്കെടുക്കുമെന്നും എംപിമാരോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചതായും സിപിഐഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എംപിമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല. പകരം പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കുന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി പോകുന്നില്ല. മറിച്ച് സിപിഐഎം കൃത്യമായ രീതിയില്‍ പാര്‍ലമെന്റിലെ വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

Tags

News Hub