ഛത്തീസ്ഗഡിലെ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു


റായ്പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെ എട്ട് മണിയോടെ നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷ ഉദ്യോഗസ്ഥരുടെ സംഘം പുറപ്പെട്ടപ്പോൾ വെടിവെപ്പ് ഉണ്ടായതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് പേരുടെ മൃതദേഹങ്ങളും തോക്കുകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മാർച്ച് 20 ന് സംസ്ഥാനത്തെ ബിജാപൂർ, കാങ്കർ ജില്ലകളിലായി നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി 30 മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കലാപകാരികളിൽ നിന്ന് ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ബിജാപൂർ പൊലീസ് അറിയിച്ചിരുന്നു.