ഇത് ചരിത്രപരം! ഇനി മുതൽ ബലാത്സംഗകേസ് പ്രതികൾക്ക് വധശിക്ഷ, ‘അപരാജിത ബിൽ’ പാസ്സാക്കി മമത ബാനർജി

mamatha
mamatha

കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജിൽ പി ജി ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് നിയമസഭയിൽ ചരിത്രപരമായ ബിൽ പാസ്സാക്കിയിരിക്കുന്നു മമത ബാനർജി സർക്കാർ. ബലാത്സംഗകേസ് പ്രതികൾക്ക് വധ ശിക്ഷ ഉറപ്പാക്കുന്ന ‘അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024’ എന്ന ബില്ലാണ് ഇന്ന് മമത ബാനർജി സർക്കാർ ഏകകണ്ഠമായി പശ്ചിമ ബംഗാൾ നിയമസഭയിൽ പാസ്സാക്കിയത്. 

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ഉയർന്നു വന്നു കൊണ്ടിരിക്കുന്ന വാദം ആണ്, ഇത്തരം കേസിൽ ഉൾപ്പെടുന്ന പ്രതികൾക്ക് വധശിക്ഷ നൽകണം എന്നുള്ളത്. എന്നാൽ ഇതുവരെയും ഒരു സർക്കാരും ഇത്തരം ഒരു നീക്കവുമായി മുന്നോട്ടു വന്നിട്ടില്ല. അതായത്, ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി അപരാജിത ബിൽ പാസ്സാക്കിയതോടെ ബംഗാൾ മാറി. ബലാത്സംഗക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി.

ചരിത്രപരവും, ഒപ്പം മാതൃകാപരവുമായ നീക്കം എന്നാണ് മമത ബാനർജി അപരാജിത ബില്ലിനെ വിശേഷിപ്പിച്ചത്. കൂടാതെ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജിൽ ക്രൂര ബലാത്സംഗത്തെ തുടർന്ന് കൊല്ലപ്പെട്ട പി.ജി ഡോക്ടറിനുള്ള ആദരാഞ്ജലിയാണ് അപരാജിത ബിൽ എന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാൾ നിയമമന്ത്രിയായ മലയ ഘട്ടക് ആണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബലാത്സംഗത്തിനും, ലൈംഗിക കുറ്റകൃത്യങ്ങൾക്കും ശിക്ഷിക്കപ്പെട്ട പ്രതികൾക്ക്, അവരുടെ ആക്രമണത്തിൽ ഇര മരണപ്പെടുകയോ, അല്ലെങ്കിൽ ജീവച്ഛവം ആയ അവസ്ഥയിലാക്കുകയോ ചെയ്താൽ അവർക്ക് വധശിക്ഷ നൽകുക എന്നതാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ പരോളില്ലാതെ ജീവപര്യന്തം തടവും, സാമ്പത്തിക പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. 

അതിനോടൊപ്പം ബലാത്സംഗവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം രണ്ടുമാസത്തില്‍ നിന്നും 21 ദിവസമായി കുറയ്ക്കും. കുറ്റപത്രം തയ്യാറാക്കുന്നത് മുതല്‍ ഒരു മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കും. അപരാജിത ബില്ലിലൂടെ, കേന്ദ്ര നിയമനിർമ്മാണത്തിലെ പഴുതുകൾ അടയ്ക്കാൻ ആണ് ഞങ്ങൾ ശ്രമിച്ചതെന്ന് മമത ബാനർജി പറഞ്ഞു. ഒപ്പം ബലാത്സംഗം മനുഷ്യരാശിക്കെതിരായ ശാപമാണെന്നും, അത്തരം കുറ്റകൃത്യങ്ങൾ തടയാൻ സാമൂഹിക പരിഷ്കരണങ്ങൾ ആവശ്യമാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. “യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് അസാധാരണമായി ഉയർന്നതാണ്. പശ്ചിമ ബംഗാളിൽ പീഡനത്തിനിരയായ സ്ത്രീകൾക്ക് കോടതിയിൽ നീതി ലഭിക്കുന്നു. ഭാരതീയ ന്യായ സംഹിത പാസാക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിനോട് കൂടിയാലോചിച്ചില്ല, പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം അതിനെക്കുറിച്ച് ചർച്ചകൾ നടത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു,” മമത ബാനർജി പറഞ്ഞു.

Tags