ദളപതി വിജയ്‌യുടെ 'ജനനായകൻ' ജനുവരിയിൽ; പുതിയ പോസ്റ്റർ


ദളപതി വിജയ്‌യുടെ ‘ജനനായകന്റെ’ റിലീസ് ഡേറ്റ് പുറത്തു വിട്ടു. വിജയ് തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് റിലീസ് തീയതി ആരാധകരെ അറിയിച്ചത്. 2026 ജനുവരി 9 നാണ് ജനനായകൻ തിയറ്ററുകളിലെത്തുന്നത്.
ഈ വർഷത്തെ ദീപാവലിക്കാണ് ജനനായകൻ റിലീസ് എന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപ് തന്റെ പാർട്ടിയുടെ പ്രചാരണത്തിന് വേണ്ടിയാണ് വിജയ് ചിത്രമിറക്കുന്നത് എന്ന് ഇതിനകം ആരോപണമുയർന്നിട്ടുണ്ട്. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് വിജയ്‌യുടെ നായികയാകുന്നത്.
പോസ്റ്ററിൽ പല നിറങ്ങളിൽ പെയിന്റ് പൂശിയ കൈകളുയർത്തി നിൽക്കുന്ന ആളുകളുടെ നടുവിൽ വിജയ് വെള്ള വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രമാണുള്ളത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സത്യൻ സോറിയാൻ ആണ്. പ്രദീപ് ഇ. രാഘവ് എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കെ.വി.എൻ പ്രൊഡക്ഷൻസ് ആണ്. വിജയ്‌യുടെ രാഷ്‌ടീയ കക്ഷിയായ ടി.വി.കെ യുടെ അജണ്ടയും ജനഗ്നൾക്ക് നൽകിയ വാഗ്ദാനങ്ങളുമെല്ലാം ജനനായകന്റെ കഥയുടെ ഭാഗമായേക്കും എന്ന് എക്‌സിൽ ചില തമിഴ് മൂവി ട്രാക്കർമാർ റിപ്പോർട്ട് ചെയ്തിരുന്നു
