ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെതിരെ കര്‍ശന നടപടി

exam
exam

ഉത്തരക്കടലാസ് നഷ്ടമായതില്‍ വൈസ് ചാന്‍സിലര്‍ വിളിച്ച അടിയന്തര യോഗം ചൊവ്വാഴ്ചയാണ് നടക്കുക.

കേരള യൂണിവേഴ്സിറ്റി എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തും. പരീക്ഷ വീണ്ടും നടത്തുന്നതില്‍ മറ്റന്നാള്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

ഉത്തരക്കടലാസ് നഷ്ടമായതില്‍ വൈസ് ചാന്‍സിലര്‍ വിളിച്ച അടിയന്തര യോഗം ചൊവ്വാഴ്ചയാണ് നടക്കുക. അധ്യാപകനെതിരെ സര്‍വകലാശാല നടപടിയെടുക്കും. അതേസമയം ആലത്തൂര്‍ കഴിഞ്ഞപ്പോഴാണ് ഉത്തരക്കടലാസ് നഷ്ടമായത് അറിഞ്ഞതെന്ന് ഗസ്റ്റ് അധ്യാപകന്‍ പ്രമോദ് പറയുന്നു. ഹൈവേ ആയതിനാല്‍ പേപ്പര്‍ പോയത് അറിഞ്ഞില്ല. സഞ്ചരിച്ച വഴികളിലൂടെ ഒന്നിലധികം തവണ തിരച്ചില്‍ നടത്തിയെന്നും അധ്യാപകന്‍ പ്രമോദ് പറയുന്നു.

ജനുവരി 13-ാംതീയതി രാത്രി 71 ഉത്തരക്കടലാസുകളുമായി താന്‍ ബൈക്കില്‍ യാത്രചെയ്യുമ്പോഴായിരുന്നു ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്ന് അധ്യാപകന്‍ പറയുന്നു. 2022-24 ബാച്ചിലെ 71 എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്. വീണ്ടും പരീക്ഷ നടത്തുമെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക് കയറിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി.

Tags

News Hub