ആത്മഹത്യ തന്നെ; സുശാന്ത് സിംഗ് രജ്പുത് കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ

Sushant Singh Rajput's death was suicide; CBI closes investigation into the case
Sushant Singh Rajput's death was suicide; CBI closes investigation into the case

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചു. നടന്റെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് സ്ഥാപിക്കാൻ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മുംബൈ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

2020 ഓഗസ്റ്റിൽ സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് പട്നയിൽ നൽകിയ പരാതിയിൽ ഫയൽ ചെയ്ത എഫ്ഐആറിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. നടി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണ, സാമ്പത്തിക തട്ടിപ്പ്, മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി അദ്ദേഹം കേസെടുത്തിരുന്നു. എന്നാൽ സുശാന്തിന്റെ സഹോദരിമാർ വ്യാജ മെഡിക്കൽ കുറിപ്പടി നേടിയെടുത്തതായി ആരോപിച്ച് റിയ ചക്രവർത്തി മുംബൈയിൽ ഒരു എതിർ പരാതി ഫയൽ ചെയ്തു.

വർഷങ്ങളുടെ അന്വേഷണത്തിന് ശേഷമാണ് രണ്ട് കേസുകളിലും സിബിഐ ഇപ്പോൾ ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളത്. സുശാന്തിന്റെ മരണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയോ മറ്റ് ദുരൂഹതകളോ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. 2020 ജൂൺ 14 നാണ് ബാന്ദ്രയിലെ വസതിയിൽ 34 കാരനായ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതകൾ ആരോപിക്കപ്പെട്ടത് വലിയ വിവാദത്തിന് തിരികൊളുത്തി. അന്വേഷണം പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറി. മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസംമുട്ടിയാണെന്ന് പറയുന്നു.
 

Tags

News Hub