ആരോപണം മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെ; നടൻ മാമുക്കോയയ്ക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാമർശത്തിൽ പരാതി നൽകി മകൻ

nizar mamukoya
nizar mamukoya

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയ്ക്കെതിരെ  ലൈംഗികാരോപണമുന്നയിച്ച ജൂനിയർ ആർട്ടിസ്റ്റിനെതിരെ പരാതിനൽകി മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി നൽകിയത്. മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയർ ആർട്ടിസ്റ്റ് ആരോപണമുന്നയിച്ചിരിക്കുന്നത് എന്നും അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നുമാണ് നിസാർ പരാതിയിൽ പറയുന്നത്.

അടുത്തഘട്ടമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി നിസാർ ഫെയ്സ്ബുക്കിൽ വീഡിയോയും പങ്കുവെച്ചു. 'അമ്മയെ മാമയാക്കാൻ ശ്രമിക്കുന്നവരോടും ഹേമ കമ്മറ്റിയുടെ മറവിൽ കളപറിക്കാൻ ഇറങ്ങിയവരോടും എനിക്കും ചിലത് പറയാനുണ്ട്.. PART-1' എന്ന പേരിലാണ് സുദീർഘമായ വീഡിയോ അദ്ദേഹം പുറത്തുവിട്ടത്.

Also read: താരസംഘടന പിടിച്ചടക്കാന്‍ സംഘപരിവാര്‍, ഉണ്ണി മുകുന്ദന്‍ പ്രസിഡന്റാകാന്‍ സാധ്യത, രമേഷ് പിഷാരടിയും ജോയ് മാത്യുവും തലപ്പത്തേക്ക്

'സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നൊരാളാണ് ഞാൻ. അമ്പതുവർഷത്തിലേറെ കാലം എന്റെ ഉമ്മയും ഉപ്പയും ഒരുമിച്ച് ജീവിച്ചതാണ്. ഒരു വഴക്കും ഇക്കാലത്തിനിടയിൽ ഇവർ തമ്മിലുണ്ടായതായി ഞാൻ കേട്ടിട്ടില്ല. കേരളസമൂഹം വാർത്തയിലൂടെ കണ്ട ഒരുപാട് സ്ത്രീകളുടെ കഥ അറിയാം. ഒരു മാഡം എന്റെ ഉപ്പയേക്കുറിച്ചുപറഞ്ഞ അപവാദത്തിന്റെ പിന്നിലാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. വേട്ടക്കാരൻ ശിക്ഷിക്കപ്പെടണം. ഇരയ്ക്ക് മാന്യമായ നീതി ലഭിക്കുകയുംവേണം. അത് ആരായാലും ഏത് കേസിലായാലും' എന്ന് നിസാർ പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെയായിരുന്നു  നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകൻ ഹരികുമാർ എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ച്  ജൂനിയർ ആർട്ടിസ്റ്റായ നടി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് ഇവർ പരാതി നൽകുകയും ചെയ്തിരുന്നു. ഇവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തുകയും സുധീഷിനും ഇടവേള ബാബുവിനുമെതിരെ നടക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 364 എ പ്രകാരമാണ് കേസെടുത്തത്.