താരസംഘടന പിടിച്ചടക്കാന്‍ സംഘപരിവാര്‍, ഉണ്ണി മുകുന്ദന്‍ പ്രസിഡന്റാകാന്‍ സാധ്യത, രമേഷ് പിഷാരടിയും ജോയ് മാത്യുവും തലപ്പത്തേക്ക്

Unni Mukundan
Unni Mukundan

കൊച്ചി: താരസംഘടനയായ അമ്മ യില്‍ മേല്‍ക്കൈ നേടാന്‍ സംഘപരിവാര്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇടത് ആധിപത്യമുള്ള സാംസ്‌കാരിക മേഖലയില്‍ പിടിമുറുക്കാന്‍ നേരത്തെതന്നെ ആര്‍എസ്എസ് നിര്‍ദ്ദേശമുണ്ടായിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ നടന്മാര്‍ക്കെതിരെ ലൈംഗിക ആരോപണമുണ്ടാവുകയും സമ്മര്‍ദ്ദത്തിലായ താരസംഘടന എക്‌സിക്യുട്ടീവ് കമ്മറ്റി പിരിച്ചുവിടുകയും ചെയ്തു.  

പുതിയ കമ്മറ്റിയുടെ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ ആധിപത്യമുണ്ടാകുമെന്നാണ് സൂചന. ബിജെപി അനുഭാവിയെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഉണ്ണി മുകന്ദന്‍ പിരിച്ചുവിട്ട കമ്മറ്റിയിലെ ട്രഷററാണ്. യുവനേതൃത്വം വരട്ടെയെന്നാണ് മുന്‍ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാട്. ഇതോടെ ഉണ്ണി മുകുന്ദനെ ആ സ്ഥാനത്തെത്തിക്കാനുള്ള ചരടുവലിയാണ് നടക്കുന്നത്.

സംഘപരിവാര്‍ ആഭിമുഖ്യമുള്ള ജോയ് മാത്യുവും മുന്‍ കമ്മറ്റിയിലുണ്ടായിരുന്നു. ജോയ് മാത്യു ജനറല്‍ സെക്രട്ടറയോ വൈസ് പ്രസിഡന്റോ ആകാനാണ് സാധ്യത. കോണ്‍ഗ്രസ് അനുഭാവിയാണെങ്കിലും ബിജെപിയോട് എതിര്‍പ്പില്ലാത്ത രമേഷ് പിഷാരടിയിലും ആര്‍എസ്എസ്സിന് പ്രതീക്ഷയുണ്ട്. മുന്‍ തെരഞ്ഞെടുപ്പിനെതിരെ പരസ്യമായി അഭിപ്രായവ്യത്യാസം തുറന്നുപറഞ്ഞ വ്യക്തികൂടിയാണ് പിഷാരടി.

പൃഥ്വിരാജിനെ പ്രസിഡന്റാക്കാന്‍ ഡബ്ലുസിസി പോലുള്ള സംഘടനകള്‍ക്ക് താത്പര്യമുണ്ടെങ്കിലും ആ സ്ഥാനത്തേക്ക് വരാന്‍ താരം താത്പര്യം കാട്ടിയേക്കില്ല. സംഘടനയുമായി അടുപ്പമില്ലാത്ത വ്യക്തികൂടിയാണ് പൃഥ്വിരാജ്. കുഞ്ചാക്കോ ബോബനാണ് പ്രസിഡന്റാകാന്‍ സാധ്യതയുള്ള മറ്റൊരു വ്യക്തി. എന്നാല്‍, സംഘടനയിലെ ഭൂരിഭാഗത്തിന്റെ പിന്തുണ കുഞ്ചാക്കോ ബോബന് ലഭിച്ചേക്കില്ലെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

താരസംഘടനയില്‍ മേല്‍ക്കൈ നേടുന്നത് സംബന്ധിച്ച് നേരത്തെ തന്നെ നീക്കം തുടങ്ങിയ ആര്‍എസ്എസ്സിന് സുവര്‍ണാവസരമാണ് പുതിയ തെരഞ്ഞെടുപ്പ്. രണ്ടു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും ഉള്‍പ്പെടെ ബിജെപിയോട് കൂടുതല്‍ അടുപ്പമുള്ള സൂപ്പര്‍താരങ്ങളുടെ സാന്നിധ്യവും ആര്‍എസ്എസ്സിന് താരസംഘടനയില്‍ പ്രതീക്ഷ നല്‍കുന്നു.

Tags