ബുക്ക് മൈ ഷോയിൽ വീണ്ടും ചരിത്രം; കുതിച്ച് എമ്പുരാൻ

empuran
empuran
ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ, ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡുകൾ ഇതിനകം കരസ്ഥമാക്കിയ സിനിമയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ.
മോഹൻലാൽ നായകനായ എമ്പുരാന് പുതിയൊരു നേട്ടം കൂടി. സിനിമാ ടിക്കറ്റ് ബുക്കിങ് ആപ്പായ ‘ബുക്ക് മെയ് ഷോ’യിൽ എമ്പുരാൻ കാണാൻ ഉള്ള താൽപ്പര്യം നാല് ലക്ഷം പേരാണ് ഇതിനകം രേഖപ്പെടുത്തിയത് എന്നതാണ് ആ നേട്ടം.
നാല് ലക്ഷം പേർ ബുക്ക് മൈ ഷോയിൽ താല്പര്യം പ്രകടിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ ഒന്നരലക്ഷം പേർ റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാൽ ആണ് രണ്ടാം സ്ഥാനത്തുള്ളത്. എമ്പുരാന്റെ ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആരാധകരുടെ തള്ളിക്കയറ്റം കാരണം ബുക്ക് മൈ ഷോ ആപ്പിന്റെ പ്രവർത്തനം സ്തംഭിച്ചത് വലിയ വാർത്തയായിരുന്നു.
ആദ്യ മണിക്കൂറിൽ 93000ൽ അധികം ടിക്കറ്റുകളും 24 മണിക്കൂറിനുള്ളിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളുമാണ് ചിത്രം വിറ്റത്. സോഷ്യൽ മീഡിയയിൽ പ്രകമ്പനം സൃഷ്ട്ടിച്ച 4 മിനുട്ടിനകത്ത് ദൈർഘ്യം വരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനകം ഒരു കോടിക്കടുത്ത് കാഴ്ചക്കാരെ യൂട്യൂബിൽ സ്വന്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ എന്ന നേട്ടം കയ്യടക്കിവെച്ചിരിക്കുന്ന ദളപതി വിജയ്‌യുടെ ലിയോ നേടിയ 12 കോടിയെന്ന റെക്കോർഡിനെ റിലീസിന് മുന്നേ തന്നെ ബുക്കിങ്ങിലൂടെ എമ്പുരാൻ മറികടക്കും എന്നാണ് റിപ്പോർട്ടുകൾ. അതെ ദിവസം റിലീസ് ചെയ്യുന്ന ചിയാൻ വിക്രത്തിന്റെ ‘വീര ധീര സൂരൻ’ എമ്പുരാന്റെ ആദ്യ ദിന കലക്ഷന് തടയിടുമോ എന്ന ആശങ്ക ബുക്കിങ് ആരംഭിച്ചതോടെ അണിയറപ്രവർത്തകർക്ക് മാറിയിട്ടുണ്ട്

Tags

News Hub