ബഡ്ജറ്റിനിടെ നാടകീയ രംഗങ്ങൾ ;പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചബി.ജെ.പി അംഗവും ഭരണകക്ഷി കൗൺസിലർമാരും തമ്മിൽ ഉന്തും തള്ളും


കണ്ണൂർ: കോർപറേഷൻ ബഡ്ജറ്റ് അവതരണ വേളയിൽ നാടകീയ രംഗങ്ങൾ. ബഡ്ജറ്റ് അവതരിപ്പിക്കാൻ ഡെപ്യുട്ടി മേയർ അഡ്വ. പി ഇന്ദിര എഴുന്നേറ്റ് ഡയസിന് മുൻപിലെത്തിയപ്പോൾ ബി.ജെ.പി പള്ളിക്കുന്ന് വാർഡ് കൗൺസിലർ എം കെ ഷിജു പ്രതിഷേധവുമായി രംഗത്തെത്തി. പ്ളക്കാർ ഡ് ഉയർത്തി പിടിച്ചു ആദ്യം മേയറുടെ ചേംബറിന് മുൻപിലും പിന്നീട് ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഡെപ്യുട്ടി മേയർക്കു മുൻപിലും നിന്നു.
ഇതോടെ ഭരണപക്ഷ ബെഞ്ചിൽ ശക്തമായ പ്രതിഷേധം ഉയർന്നു. മുൻ മേയർ ടി.ഒമോഹനൻ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ പ്രകോപിതരായി ചാടിയെഴുന്നേറ്റ് ഷിജുവിൻ്റെ കൈയ്യിൽ നിന്നും കോർപറേഷൻ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ പ് ളക്കാർഡ് പിടിച്ചു പറിച്ചു കൊണ്ടുപോയി. മുൻ മേയർ ടി.ഒ.മോഹനനാണ് പ്ളക്കാർഡ് ബലപ്രയോഗത്തിലൂടെ കരസ്ഥമാക്കിയത്.ഇതോടെ ഷിജുവും മോഹനനും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.ഇതു മറ്റുള്ളവർ ഏറ്റെടുത്തതോടെ മറ്റു ഭരണകക്ഷി അംഗങ്ങളും ഷിജുവും തമ്മിൽ പിടിവലിയും ഉന്തുംതള്ളും നടന്നു. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് സ്ഥിതിശാന്തമായത്.
