ലൊക്കേഷനിലെ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുവെന്ന രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ബി ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം: സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തളിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. വിഷയം അതീവ ഗൗരവമുള്ളതാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രാധികയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം
കാരവാൻ അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Also read: കാരവാനില്‍ ഒളിക്യാമറ; നടി രാധികയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക സംഘം വിവരം ശേഖരിക്കും
'സിനിമാമേഖല ജെൻഡർ സെൻസിറ്റീവ് ആകണം. സ്ത്രീകളോടുള്ള വീക്ഷണത്തിൽ മാറ്റം വരണം. ഡബ്ല്യുസിസിയുടെ കടന്നുവരവാണ് ഐസിസിയുടെ രൂപീകരണത്തിന് കാരണം. ഐസിസിയുടെ നിയമ പരിരക്ഷയെ കുറിച്ച് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവബോധം കുറവാണ്. ജൂനിയർ ആർട്ടിസ്റ്റുകളോട് വിവേചനമുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന കോ-ഓർഡിനേറ്റേഴ്സിന് ലൈസൻസ് കൊണ്ടുവരണം. ജൂനിയർ ആർട്ടിസ്റ്റുകളോടുള്ള വിവേചനം പരിഹരിക്കണം. വേതനത്തിൽ ചൂഷണം നടക്കുന്നുണ്ട്. കോ-ഓർഡിനേറ്റേഴ്സ് ചൂഷണം ചെയ്യുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പെട്ടെന്നുള്ള പ്രതികരണമല്ല, സൂക്ഷ്മമായ അപഗ്രഥനമാണ് വേണ്ടതെന്ന് കരുതി. ചില നടൻമാരുടെ നിർദ്ദേശാനുസരണമാണ് പ്രതികരണം വൈകിയതെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ എല്ലാപേരുകളും പുറത്തുവരമെന്ന് ആദ്യം പറഞ്ഞത് ഫെഫ്കയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. കുറ്റാരോപിതരുടെ ഭാഗവും വ്യക്തമായി കേൾക്കണം. സിനിമാ മേഖലയിൽ മാത്രമല്ല എല്ലായിടങ്ങളിലും പ്രബലഗ്രൂപ്പുകളുണ്ട്. മാഫിയ എന്ന് വിശേഷിപ്പിക്കുന്നത് അതിഭാവുകത്വമാണ്. സിനിമയിൽ നിന്നുള്ള ഒഴിവാക്കപ്പെടലിനെ കുറിച്ച് പഠനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആഷിഖ് അബുവിന്റെ അക്ഷമയാണ് രാജിയിലേക്കെത്തിച്ചതെന്നും ഈ വിഷയത്തിൽ താനുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഷിഖ് എട്ട് വർഷമായി ഫെഫ്കയിൽ വരിസംഖ്യ അടച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് പുതുക്കിയത്. രാജി ഇതുവരെ ലഭിച്ചിട്ടില്ല. ആഷിഖ് അബുവിൻ്റെ അംഗത്വം പുതുക്കേണ്ടതില്ല എന്നാണ് തീരുമാനം എന്നും അദ്ദേഹം വ്യാഖമാക്കി.