ഹോട്ടൽ മുറിയിൽ വച്ച് നിർമാതാവും സുഹൃത്തുക്കളും കൂട്ട ബലാത്സംഗത്തിന് ശ്രമിച്ചു; ഇറങ്ങി ഓടിയപ്പോൾ രക്ഷിച്ചത് ഓട്ടോ ഡ്രൈവർ; ദുരനുഭവം വെളിപ്പെടുത്തി നടി ചാർമിള

actress charmila
actress charmila

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേരാണ് തങ്ങൾക്ക് സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തുന്നത്. ഇപ്പോഴിതാ നടി ചാർമിളയും സിനിമാ മേഖലയിൽനിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും മോശമായി പെരുമാറിയെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നുമാണ്  ചാർമിള പറയുന്നത്. 

Also read: ആരോപണം മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെ; നടൻ മാമുക്കോയയ്ക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാമർശത്തിൽ പരാതി നൽകി മകൻ

തന്റെ സുഹൃത്തായ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. അതേസമയം നിർമാതാവും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്നും താരം വെളിപ്പെടുത്തി 

' 1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെയാണ് കൂട്ട ബലാത്സംഗത്തിന് ശ്രമമുണ്ടായത്. നിർമാതാവും സുഹൃത്തുക്കളുമാണു ബലാത്സംഗത്തിന് ശ്രമിച്ചത്.  പീഡന ശ്രമത്തിനിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയപ്പോൾ   രക്ഷിച്ചത് ഓട്ടോ ഡ്രൈവർ ആണ്' എന്നും താരം പറഞ്ഞു. എന്നാൽ താൻ‌ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിന് ഇരയായി എന്നും ചാർമിള ആരോപിച്ചു.