കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്; പ്രിൻസിപ്പലിൻ്റെ കത്ത് നിർണായകമായി

kalamassery kanjav
kalamassery kanjav

മാർച്ച് 12നായിരുന്നു പ്രിൻസിപ്പൽ കത്ത് നൽകിയത്

കൊച്ചി: കളമശ്ശേരി പോളിടെക്നികിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ നിർണായകമായത് പ്രിൻസിപ്പൽ നൽകിയ വിവരം. ക്യാംപസിൽ ലഹരി ഇടപാട് നടക്കുമെന്ന സൂചന നൽകി കളമശ്ശേരി പോളിടെക്നികിലെ പ്രിൻസിപ്പൽ പൊലീസിന് കത്ത് നൽകിയിരുന്നു. മാർച്ച് 12നായിരുന്നു പ്രിൻസിപ്പൽ കത്ത് നൽകിയത്. 

ലഹരിക്കായി ക്യാംപസിൽ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിൻസിപ്പൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നിർണായക നീക്കം നടത്തിയത്. പ്രിൻസിപ്പാലിൻ്റെ കത്തിൻ്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസമാണ് പൊലീസും ഡാൻസാഫും ഏഴ് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കൊടുവിൽ കളമശ്ശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത്. 

കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ പരിശോധനയ്ക്ക് പിന്നാലെ പൊലീസ് പിടികൂടിയിരുന്നു. ഇതിൽ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആദിത്യൻ എന്നിവരെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇവർക്കൊപ്പം പിടികൂടിയ ആകാശിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. 

കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് പോരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ഥികളായ ആഷിക്ക്, ശാരിക്ക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആഷിക്കാണ് കേസിലെ മറ്റൊരു പ്രതിയായ ആകാശിന് കഞ്ചാവ് കൈമാറിയത്. വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയത്. വിഷയത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Tags