ഓൺലൈൻ ട്രേഡിങിലൂടെ 45 ലക്ഷം തട്ടി ; യുവതി അറസ്റ്റിൽ


തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങിലൂടെ 45 ലക്ഷം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഹിത കൃഷ്ണയാണ് (30) പിടിയിലായത്. ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺ കുമാറിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ട്രേഡിങ് സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
അതേസമയം 2022 ഏപ്രിൽ 30ന് പരാതിക്കാരന്‍റെ ആറ്റിങ്ങലിലെ വീട്ടിൽ വെച്ച് ഓൺലൈൻ ട്രേഡിങിന്‍റെ ഡെമോ കാണിച്ച ശേഷം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങിയത്. എന്നാൽ പണം നഷ്ടപ്പെട്ട വിവരം മനസിലായതോടെ കിരൺ കുമാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. പിന്നാലെ ഒളിവിൽപ്പോയ പ്രതി തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളോടൊപ്പം കഴിയുകയായിരുന്നു. തുടർന്ന് കേരളത്തിൽ എത്തിയ വിവരം ലഭിച്ച പൊലീസ്, എറണാകുളത്ത് നിന്നും ഹിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
