വീടുകളിൽ ചെടികൾ വളർത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം


പല വീടുകളിലേയും സ്ഥിരം കാഴ്ചയാണ് അലക്ഷ്യമായി ചെടികൾ പടർന്ന് കാടുപിടിച്ച് കിടക്കുന്ന രീതി. തുടക്കത്തിലുള്ള ആവേശമൊന്നും പിന്നീട് കാണിക്കാത്തതാണ് ഇതിന് കാരണം. നന്നായി പരിചരിച്ചാൽ നന്നായി വളരുന്നതാണ് ചെടികൾ. ചെടികളുടെ പരിപാലനം എങ്ങനെയെന്ന് അറിയാം.
ഏതുതരം ചെടികൾ തെരഞ്ഞെടുക്കണം
ഭംഗി മാത്രം നോക്കിയാകരുത് ചെടികളെ തെരഞ്ഞെടുക്കാൻ. ഓരോ ചെടികൾക്കും ഓരോന്നാണ് ഗുണങ്ങൾ. ഇനി കാണാൻ ഭംഗിയുള്ളതാവട്ടെ ചിലപ്പോൾ അപകടകാരികളുമാകാം. സ്ഥലം, ലഭ്യമാകുന്ന വെളിച്ചം എന്നിവ മനസിലാക്കി വേണം ചെടികൾ തെരഞ്ഞെടുക്കാൻ. ഓരോ ചെടികൾക്കും വ്യത്യസ്തമായ ഗുണങ്ങളും രീതികളുമാണ് ഉള്ളത്.

മണ്ണ്
ചെടികൾ നന്നായി വളരണമെങ്കിൽ നല്ല മണ്ണും വളവും ആവശ്യമാണ്. കിട്ടിയപാടെ മണ്ണിൽ കുഴിച്ചിടാതെ ചെടികൾ നടാൻ പ്രത്യേകം മണ്ണ് മിശ്രിതം തയാറാക്കണം. പലതരത്തിൽ ഗുണങ്ങളുള്ള മണ്ണുകൾ ഇന്ന് ലഭിക്കും. വളർത്താൻ ആഗ്രഹിക്കുന്ന ചെടിയുടെ സ്വഭാവം മനസിലാക്കി മണ്ണ് മിശ്രിതം തയ്യാറാക്കണം.
വെള്ളം
എല്ലാ ചെടികൾക്കും വലിയ തോതിൽ വെള്ളത്തിന്റെ ആവശ്യമുണ്ടാകാറില്ല. ചില ചെടികൾക്ക് കുറച്ചും മറ്റുചിലതിന് കൂടുതലും എന്ന രീതിയിലാണ് വരുന്നത്. തളിക്കുന്ന വെള്ളം, കൂടി പോയാൽ ചെടികൾ വാടുകയും ചീഞ്ഞുപോവുകയും ചെയ്യും. ചെടികളുടെ സ്വഭാവമനുസരിച്ച് വെള്ളം തളിക്കാം.
കേടായ ഇലകൾ ഒഴിവാക്കാം
നിരന്തരമായി ചെടികളെ നിരീക്ഷിച്ച് കേടായതോ പഴുത്തതോ ആയ ഇലകൾ നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ചെടികളിൽ പുതിയ ഇലകൾ വരാൻ സഹായിക്കും. കേടായ ഇലകൾ ഇരിക്കുമ്പോൾ ചെടിയുടെ ഊർജ്ജം മൊത്തത്തിൽ അതിലേക്ക് പോവുകയും ചെടികൾ ക്ഷീണിക്കാൻ കാരണമാവുകയും ചെയ്യുന്നു. ചെടികളുടെ ഭംഗി എപ്പോഴും നിലനിർത്താൻ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
വായുശുദ്ധീകരണം
വീടിനുള്ളിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന സാധനങ്ങളിൽ നിന്നും വിഷവായു ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ വീടിന്റെ അകത്തളങ്ങളിൽ നമ്മൾ വളർത്തുന്ന ഇൻഡോർ പ്ലാന്റുകൾക്ക് വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇത് വീടിനുള്ളിൽ വളർത്തുകയാണെങ്കിൽ നിങ്ങൾക്ക് ശാന്തമായ അന്തരീക്ഷവും ശുദ്ധവായുവും ലഭിക്കും. കൂടാതെ നന്നായി ഉറങ്ങാനും ഇത് സഹായിക്കാറുണ്ട്.