നെടുമുടി വേണു വിടവാങ്ങുമ്പോള്‍ അവസാനിക്കുന്നത് മലയാള സിനിമയിലെ ഒരു യുഗം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

google news
നെടുമുടി വേണു വിടവാങ്ങുമ്പോള്‍ അവസാനിക്കുന്നത് മലയാള സിനിമയിലെ ഒരു യുഗം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : വിഖ്യാത അഭിനയ പ്രതിഭയായ നെടുമുടി വേണുവിന്റെ നിര്യാണത്തിലൂടെ മലയാള സിനിമയുടെ ഒരു യുഗത്തിനാണ് അന്ത്യം കുറിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ അത്രമേല്‍ അനായാസമായി പ്രതിഫലിപ്പിച്ച അഭ്രപാളിയിലെ മഹാ വിസ്മയമായിരുന്നു നെടുമുടി വേണു.

അവനവന്‍ കടമ്പ, ദൈവത്താര്‍ തുടങ്ങിയ സാമൂഹ്യശ്രദ്ധ ആകര്‍ഷിച്ച നാടകങ്ങളിലൂടെ മലയാളത്തിന്റെ തനത് നാടകവേദിയെ ഊര്‍ജ്ജ്വസ്വലമാക്കുകയും മാധ്യമപ്രവര്‍ത്തകനെന്നുള്ള നിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നെടുമുടി വേണു കൈതൊട്ട മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ചു.

ശരീരഭാഷകൊണ്ടും ശബ്ദംകൊണ്ടും നെടുമുടി വേണു എന്ന നടന്‍ കഥാപാത്രങ്ങളിലേക്ക് നടത്തിയ സഞ്ചാരങ്ങളിലൂടെ ആസ്വാദകര്‍ക്ക് നല്‍കിയത് ഒരിക്കലും മങ്ങാത്ത അഭിനയ മുഹൂര്‍ത്തങ്ങളാണ്. അഞ്ഞൂറിലേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കിയ ആ അനശ്വര പ്രതിഭ ഇന്ത്യന്‍ സിനിമയിലെ തന്നെ മികവുറ്റ അഭിനേതാക്കളിലൊരാളെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു

The post നെടുമുടി വേണു വിടവാങ്ങുമ്പോള്‍ അവസാനിക്കുന്നത് മലയാള സിനിമയിലെ ഒരു യുഗം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ first appeared on Keralaonlinenews.