പിരിവ് നല്‍കാത്തതിന്റെ പേരില്‍ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

google news
പിരിവ് നല്‍കാത്തതിന്റെ പേരില്‍ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ചവറയില്‍ രക്തസാക്ഷി സ്മാരകത്തിന് പിരിവ് നല്‍കാത്തതിന്റെ പേരില്‍ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ബിജു തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു സി പി എം ജില്ലാ നേതൃത്വം. ജില്ലാ നേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ടതും നടപടിയുണ്ടായതും.

ബിജുവിന്റെ നടപടി പാര്‍ട്ടിക്ക് അപമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാകരുതാത്ത നടപടിയാണിതെന്നും സിപിഎം പറയുന്നു.

പാര്‍ട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാന്‍ പതിനായിരം രൂപ നല്‍കിയില്ലെങ്കില്‍ പത്തു കോടി ചെലവിട്ട് നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിനു മുന്നില്‍ പാര്‍ട്ടി കൊടികുത്തുമെന്നാണ് ബിജു ശ്രീനിത്യം പ്രവാസി വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. ഷഹി വിജയനും ഭാര്യ ഷൈനിയും ഭീഷണി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നല്‍കിയിരുന്നു.

The post പിരിവ് നല്‍കാത്തതിന്റെ പേരില്‍ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ first appeared on Keralaonlinenews.