കുപ്രസിദ്ധ മോഷ്ടാവ് പരുവ രാജു അറസ്റ്റിൽ

google news
കുപ്രസിദ്ധ മോഷ്ടാവ് പരുവ രാജു അറസ്റ്റിൽ

തൃശൂര്‍ : കുപ്രസിദ്ധ മോഷ്ടാവ് പരുവ രാജുവിനെ കൊരട്ടി പോലീസ് പിടികൂടി. പത്തനംതിട്ട മണ്ണടിശാല സ്വദേശി പുത്തന്‍വീട്ടില്‍ പരുവ രാജു (49) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 18ന് രാവിലെ മുരിങ്ങൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട്ടില്‍നിന്നും മാള സ്വദേശിയായ കരാറുകാരന്റേയും തൊഴിലാളികളുടേയും മൊബൈല്‍ ഫോണും പണവും വാച്ചുകളും കവര്‍ന്ന കേസിലാണ് അറസ്റ്റ്.

മുകളിലത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈലുമാണ് മോഷ്ടിച്ചത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പെരുമ്പാവൂര്‍ ജങ്ഷനില്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട കോട്ടയം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവുമൊത്ത് ഹോട്ടല്‍ നടത്തുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട, തിരുവല്ല, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ച, വധശ്രമം, അടിപിടി തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുള്ളതായും പോലീസ് അറിയിച്ചു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന മഫ്തി പോലീസ് എത്തിയപ്പോള്‍ പോലീസാണെന്ന് തിരിച്ചറിഞ്ഞ പ്രതി തന്ത്രത്തില്‍ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐമാരായ ഇ.എ. ഷാജു, സി.കെ. സുരേഷ്, സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ. മുരുകേഷ് കടവത്ത്, സീനിയര്‍ സി.പി.ഒമാരായ സജീഷ് കുമാര്‍, ജിബിന്‍ വര്‍ഗീസ് എന്നിവരുമുണ്ടായിരുന്നു.

The post കുപ്രസിദ്ധ മോഷ്ടാവ് പരുവ രാജു അറസ്റ്റിൽ first appeared on Keralaonlinenews.