വാക്‌സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു

google news
വാക്‌സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം:കൊവിഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേളയില്‍ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. വാക്സിന്‍ നയത്തിലെ കോടതി ഇടപെടല്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍. കോടതി ഇടപെട്ടാല്‍ ഫലപ്രദമായ രീതിയില്‍ വാക്സിന്‍ വിതരണം സാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കി.

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസത്തില്‍ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കൊവിഷില്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. കൊവിന്‍ പോര്‍ട്ടലില്‍ ഇത് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വാക്‌സിന്‍ ഇടവേളയില്‍ ഇളവ് തേടി കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കൊവിഡ് വാക്സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എണ്‍പത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് വാക്സിന്‍ ക്ഷാമം മൂലമല്ല, മറിച്ച് ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

The post വാക്‌സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു first appeared on Keralaonlinenews.