“ടിക്ക് ടോക്ക് താരം അമ്പിളി” പീഡനകേസില്‍ അറസ്റ്റില്‍

google news
“ടിക്ക് ടോക്ക് താരം അമ്പിളി” പീഡനകേസില്‍ അറസ്റ്റില്‍


തൃശൂര്‍: ടിക്ക് ടോക്കിലും ഇന്‍സ്റ്റാ ഗ്രാമിലും താരമായിരുന്ന യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായി. അമ്പിളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത്പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ (19) ആണ് അറസ്റ്റിലായത്. 17 കാരിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ പരിചയപ്പെട്ടത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാള്‍ക്കെതിരെ 17കാരിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുന്നത്. ആറുമാസം മുന്‍പാണ് പ്ലസ്ടു കഴിഞ്ഞ് നല്‍ക്കുകയായിരുന്ന പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാം വഴിയാണ് വിഘ്‌നേഷിനെ പരിചപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച് പരിചയപ്പെടുകയും പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറുകയുമായിരുന്നു.

ഇരുവരും പ്രണയത്തിലായതോടെ പല സ്ഥലങ്ങളിലും ഇയാള്‍ പെണ്‍കുട്ടിയെയും കൂട്ടി പോയിരുന്നു. ഇതിനിടയിലാണ് പീഡനം നടത്തിയത്. വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേലായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്തത്. ഇതിനിടയില്‍ മെയ്മാസത്തില്‍ പെണ്‍കുട്ടിക്ക് കലശലായ വയറു വേദന വന്നതോടെ ആശുപത്രിയിലെത്തിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്.

ആശുപത്രി അധികൃതര്‍ വിവരം പൊലീസിലും ചൈല്‍ഡ്‌ലൈനിലും അറിയച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ മുരളി സംഭവത്തില്‍ പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിഘ്‌നേഷ് ഒളിവില്‍ പോയി. പൊലീസ് വ്യാപകമായി അന്വേഷണം നടത്തുന്നതിനിടയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്ന് എസ്ഐ ഉദയകുമാര്‍, സി.പി.ഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുമായി ഇയാള്‍ കറങ്ങി നടന്ന ബൈക്ക് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വീഡിയോ ഗ്രാഫറായ വിഘ്‌നേഷ് ടിക്ക് ടോക്കിലാണ് അമ്പിളി എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി മുത്തു മണിയേ എന്ന് വിളിച്ചു കൊണ്ട് നിരാശാ കാമുകന്റെ വേഷത്തില്‍ എത്തിയത്. നിരവധിപേര്‍ ഇയാള്‍ക്ക് ഫോളോവേഴ്‌സുമുണ്ടായിരുന്നു. ഈ സമയത്താണ് യൂട്യൂബിലെ റോസ്റ്റിങ് താരം അര്‍ജുന്‍ അമ്പിളിയെ കരച്ചിലോളീ എന്ന് ട്രോളിക്കൊണ്ട് വീഡിയോയിലൂടെ രംഗത്ത് എത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ അമ്പിളിയും അര്‍ജുനും ചര്‍ച്ചാവിഷയമായി.

അര്‍ജുനെതിരെ ട്രോളിക്കൊണ്ട് അമ്പിളിയും ടിക് ടോക് ചെയ്തതോടെ ഇരുവരും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. അര്‍ജുന്റെ റോസ്റ്റിങ്ങില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇയാള്‍ രംഗത്ത് വരികയും വലിയ പിന്‍തുണയും വിമര്‍ശനങ്ങളും ഉയരുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ പോലുമുണ്ട്. ഇപ്പോള്‍ പീഡനക്കേസില്‍ അറസ്റ്റിലായതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

പെണ്‍കുട്ടികളാണ് ഇയാളുടെ ഫോളേവേഴ്‌സില്‍ കൂടുതലും. അതിനാല്‍ പൊലീസ് മറ്റു പെണ്‍കുട്ടികള്‍ ഇയാളുടെ ചതിയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. അതിനാല്‍ ഇയാള്‍ക്കെതിരെ എന്തെങ്കിലും പരാതി ഉള്ളവര്‍ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തണമെന്ന് പൊലീസ് അറിയിച്ചു. ഒരുമാസമായി ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും പൊലീസ് തേടുന്നുണ്ട്.

പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

The post “ടിക്ക് ടോക്ക് താരം അമ്പിളി” പീഡനകേസില്‍ അറസ്റ്റില്‍ first appeared on Keralaonlinenews.