ഏത് അധികാരത്തേക്കാളും വലുതാണ് ആ കലര്‍പ്പില്ലാത്ത സ്‌നേഹവും അംഗീകാരവും. അതൊക്കെയാണ് നിങ്ങള്‍ വെല്ലുവിളിച്ചത് ; സച്ചിന്‍ പൈലറ്റിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ പ്രതികരണവുമായി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറിയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍. സച്ചിന്‍ പൈലറ്റ് നഷ്ടമാകുന്നത് പി.സി.സി അധ്യക്ഷ സ്ഥാനമോ, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ല, മറിച്ച് അദ്ദേഹം ഒരിക്കലും പാര്‍ട്ടിയെ ചതിക്കില്ലായെന്ന ഇങ്ങ് തെക്കേയറ്റത്ത് കേരളത്തിലിരുന്ന് വരെ വിശ്വസിച്ച തന്നെ പോലെയുള്ള ലക്ഷക്കണക്കിന് കോണ്‍ഗ്രസ്സുകാരുടെ മനസ്സാണ് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഇന്നത്തെ കോണ്‍ഗ്രസ്സ് ദേശിയ നേതൃത്വത്തില്‍, ഞാന്‍ ഏറെ സ്‌നേഹിച്ച വ്യക്തിയാണ് സച്ചിന്‍ പൈലറ്റ്.
നേതൃ ജാഡകളില്ലാതെ, പ്രിവ്‌ലേജുകളുടെ ശീതികരണ മുറിയിലിരിക്കാതെ, സമ്മേളനങ്ങള്‍ നടത്തിയും, ദിവസങ്ങള്‍ നീളുന്ന മഹാറാലികള്‍ക്ക് നേതൃത്വം നല്കിയും പാര്‍ട്ടിയുണ്ടാക്കിയ ഹാര്‍ഡ് വര്‍ക്കര്‍. എന്തിനേറെ പറയുന്നു, വിവാഹമോചനത്തോളം എത്തിയ സച്ചിന്റെ ദാമ്പത്യ ജീവിതത്തിന്റെയും കാരണം പാര്‍ട്ടിയുണ്ടാക്കാന്‍ കുടുംബം മറന്നിറങ്ങിത്തിരിച്ച ആ യാത്രകള്‍ തന്നെയായിരുന്നു.
ജ്യോതിരാദിത്യ പാര്‍ട്ടി വിട്ടപ്പോള്‍, അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിട്ടപ്പോഴുണ്ടായ വേദന പോലും തോന്നിയില്ല. കാരണം രണ്ട് പേരും മേലനങ്ങാതെ പാര്‍ട്ടി ആനുകൂല്യം പറ്റിയവരും, പാര്‍ട്ടിയെ അധികാരത്തിന്റെ ലാവണമായി കണ്ടവരുമായിരുന്നു. ജ്യോതിരാദിത്യ പോയപ്പോള്‍, പല സുഹൃത്തുക്കളും പറഞ്ഞു സച്ചിനും പോകും. അപ്പോഴൊക്കെ എത്ര പ്രിയപ്പെട്ടവരാണേലും അവരോടൊക്കെ വഴക്കടിച്ചും, ‘കാത് പൊട്ടണ’ ചീത്ത പറഞ്ഞും, കണ്ണ് നിറഞ്ഞ് വാദിച്ചും ഞാന്‍ പറഞ്ഞു കൊണ്ടേയിരുന്നു ‘സച്ചിന്‍ പോകില്ല, അയാള്‍ അടിമുടി കോണ്‍ഗ്രസ്സാണ്’.
സച്ചിന്‍, നിങ്ങള്‍ക്ക് നഷ്ടമാകുന്നത് PCC പ്രസിഡന്റ് സ്ഥാനമോ, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ല, നിങ്ങള്‍ ഒരിക്കലും പാര്‍ട്ടിയെ ചതിക്കില്ലായെന്ന ഇങ്ങ് തെക്കേയറ്റത്ത് കേരളത്തിലിരുന്ന് വരെ വിശ്വസിച്ച എന്നെ പോലെയുള്ള ലക്ഷക്കണക്കിന് കോണ്‍ഗ്രസ്സുകാരുടെ മനസ്സാണ്.
NSUI യൂണിറ്റ് ഭാരവാഹിയായി തുടങ്ങിയ അശോക് ഗെഹ്ലോട്ടാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെന്നും, ഭൂരിപക്ഷം വരുന്ന MLA മാരും പാര്‍ട്ടിക്കാരും, പൊതുജനവും പിന്തുണയ്ക്കുന്ന നേതാവാണ് ഗെഹ്ലോട്ടെന്നും, വിമതരായ MLA മാര്‍ വരെ പിന്തുണയ്ക്കുന്ന അദ്ദേഹമാണ് മുഖ്യമന്ത്രിയാകുവാന്‍ യോഗ്യന്‍ എന്ന ബോധ്യമുണ്ടായിട്ടും, സച്ചിന്‍ ഞാനും നിങ്ങളെ പോലെ തന്നെ നിങ്ങള്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു. 12 MLA മാരുടെ മാത്രം പിന്തുണയുള്ള ‘നമ്മുടെ പക്ഷത്തിന്’ മുഖ്യമന്ത്രി സ്ഥാനത്തിന് ധാര്‍മ്മികമായും ജനാധിപത്യപരമായും അവകാശമില്ലാഞ്ഞിട്ടും അന്ന് മനസ് കൊണ്ട് ഹൈക്കമാന്റിനോട് കലഹിച്ചു.
സച്ചിന്‍ നിങ്ങളിന്ന് പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു. ഏത് പാര്‍ട്ടിയെയാണെന്ന് അറിയുമോ? ആറ് തവണ താങ്കളുടെ പിതാവ് രാജേഷ് പൈലറ്റിനെ MP ആക്കിയ, മൂന്ന് തവണ കേന്ദ്രമന്ത്രിയാക്കിയ കോണ്‍ഗ്രസ്സിനെ. ഏത് കോണ്‍ഗ്രസ്സിനെയാണെന്ന് അറിയുമോ? അച്ഛന്‍ മരിച്ചപ്പോള്‍, താങ്കളുടെ 26 മത്തെ വയസ്സില്‍ MP ആക്കിയ, 31 മത്തെ വയസ്സില്‍ കേന്ദ്രമന്ത്രിയാക്കിയ, 37 മത്തെ വയസ്സില്‍ PCC പ്രസിഡന്റ് ആക്കിയ 41 മത്തെ വയസ്സില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ്സിനെ.
താങ്കളോട് കണക്ക് പറഞ്ഞ് താങ്കളുടെ പ്രവര്‍ത്തനങ്ങളെ റദ്ദ് ചെയ്യുന്നില്ല. പക്ഷേ താങ്കളെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഏറെ കരുതുകയും പരിഗണിക്കുകയും ചെയ്തിരുന്നു. താങ്കളുടെ അച്ഛന്‍ രാജേഷ് പൈലറ്റിന്റെ സമകാലികനും താങ്കള്‍ക്ക് മുന്‍പ് PCC പ്രസിഡന്റുമായ Dr CP ജോഷിയെ പോലെയുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയാണ്, താങ്കള്‍ക്ക് PCC പ്രസിഡന്റും ഉപമുഖ്യമന്ത്രി സ്ഥാനവും നല്കിയത്. 69 കാരനായ ഗെഹ്ലോട്ട് പോലും രാജസ്ഥാന്റെ അടുത്ത നേതാവായി താങ്കളെ അംഗീകരിച്ചതാണ്.
സച്ചിന്‍, നിങ്ങളെ ഒരിക്കല്‍ പോലും കണ്ടിട്ട് ഇല്ലാത്ത, ദിവസക്കൂലിക്ക് പണിക്ക് പോകുന്ന എന്റെ വാര്‍ഡ് പ്രസിഡന്റ്, ഗോപി ചേട്ടന്‍ അടിച്ചു വെക്കുന്ന ഫ്‌ലക്‌സില്‍ വരെ രാഹുലിനൊപ്പം നിങ്ങളുടെ ചിത്രം പതിവായിരുന്നു. ഗോപി ചേട്ടന്‍ ഗെഹ്ലോട്ടിനെ അറിയുക കൂടിയില്ല. ഏത് അധികാരത്തേക്കാളും വലുതാണ് ആ കലര്‍പ്പില്ലാത്ത സ്‌നേഹവും അംഗീകാരവും. അതൊക്കെയാണ് നിങ്ങള്‍ വെല്ലുവിളിച്ചത്.
സച്ചിന്‍ പോകുന്നത് നഷ്ടമാണെന്നും, ശരത് പവാറും, മമതാ ബാനര്‍ജിയും, ജഗന്‍ മോഹന്‍ റെഡ്ഡിയും, അജിത് ജോഗിയും, GK വാസനും, PA സാങ്ങ്മയുമടക്കം പാര്‍ട്ടി വിട്ട നേതാക്കളുടെയൊന്നും വിടവ് പരിഹരിക്കാന്‍ കോണ്‍ഗ്രസ്സിനായിട്ടില്ലായെന്നുമറിയാം. പക്ഷേ വ്യക്തിപരമായ ഏത് പ്രതിസന്ധിയും ഏത്ര വലിയ നഷ്ടം സഹിച്ചും പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചു മരിച്ചിട്ടും ഒന്നുമാകാതെ പോയ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. അവരോട് ആകെ കാണിക്കുവാന്‍ പറ്റുന്ന നീതി പാര്‍ട്ടിയുടെ ആത്മാഭിമാനം പണയം വെയ്ക്കാതിരിക്കലാണ്.
നിങ്ങളെ പുറത്താക്കുന്ന തീരുമാനം ഏറെ വേദനയോടെ അംഗീകരിക്കുന്നു. കാരണം കോണ്‍ഗ്രസ്സ് ആണ് വലുത്, അതിനേക്കാള്‍ വലുതല്ല സച്ചിനും രാഹുലുമൊന്നും. നിങ്ങള്‍ പോകുമ്പോള്‍ കുറ്റപ്പെടുത്തുവാന്‍ കഴിയാത്തത്ര നിങ്ങളെ ഇഷ്ടമായിരുന്നു സച്ചിന്‍… പക്ഷേ ഒരു ബോധ്യമുണ്ട് ഞാന്‍ ഇഷ്ടപ്പെട്ടത് കോണ്‍ഗ്രസ്സുകാരനായ സച്ചിനെയാണ്, അതല്ലാത്ത സച്ചിനെ മനസ്സില്‍ നിന്ന് പറിച്ചെറിയുക തന്നെ ചെയ്യും…
സച്ചിന്‍ പോയാലും ഗോപി ചേട്ടനെ പോലെയുള്ളവര്‍ മൂവര്‍ണ്ണ കൊടി നാട്ടി ഇവിടെയുണ്ടാകും… അവരാണ് കോണ്‍ഗ്രസ്സ്….
Rahul Mamkootathil
The post ഏത് അധികാരത്തേക്കാളും വലുതാണ് ആ കലര്‍പ്പില്ലാത്ത സ്‌നേഹവും അംഗീകാരവും. അതൊക്കെയാണ് നിങ്ങള്‍ വെല്ലുവിളിച്ചത് ; സച്ചിന്‍ പൈലറ്റിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ first appeared on Keralaonlinenews..jpg)


