ചെങ്കടലിൽ ഇസ്രായേലി കപ്പൽ റാഞ്ചിയതായി യമനിലെ ഹൂതി സേന
സൻആ: 22 യാത്രക്കാരുമായി ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ഇസ്രായേലി കപ്പൽ റാഞ്ചിയതായി യമനിലെ ഹൂതി സേന. തുർക്കിയയിൽനിന്ന് ഇന്ത്യയിലേക്ക് പോവുകയായിരുന്ന ‘ഗാലക്സി ലീഡർ’ എന്ന കപ്പലിൽ ഇസ്രായേലി പൗരന്മാരില്ലെന്നാണ് റിപ്പോർട്ട്.
ഗസ്സ ആക്രമണത്തിന് പ്രതികാരമായി യമൻ അതിർത്തിയിലൂടെ സഞ്ചരിക്കുന്ന ഇസ്രായേലി ഉടമസ്ഥതയിലുള്ളതും ഇസ്രായേലി പതാകയുള്ളതുമായ കപ്പലുകൾ റാഞ്ചുമെന്ന് ഹൂതി വക്താവ് യഹ്യ സരിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം കപ്പലുകളിൽ ജോലി ചെയ്യുന്ന പൗരന്മാരെ പിൻവലിക്കാൻ മറ്റു രാജ്യങ്ങളോട് ഹൂതി സേന ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ ഹൂതികൾ നിരവധി തവണ മിസൈൽ ആക്രമണം നടത്തിയിരുന്നു.
കപ്പൽ ഇസ്രായേലി വ്യവസായി റാമി ഉംഗറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണെന്ന് ഹാരെറ്റ്സ് പത്രം റിപ്പോർട്ട് ചെയ്തു. ഇറാൻ പിന്തുണയോടെയുള്ള തീവ്രവാദ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നതായും ആഗോള കപ്പൽ പാതകളുടെ സുരക്ഷയിൽ ഇത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇസ്രായേൽ പ്രസ്താവിച്ചു.