മെക്സികോയിൽ ബലാത്സംഗം പ്രതിരോധിക്കുന്നതിനിടെ അക്രമിയെ കൊലപ്പെടുത്തിയ യുവതിക്ക് ആറു വർഷം തടവ്

google news
rape

മെക്സികോ സിറ്റി : ബലാത്സംഗം പ്രതിരോധിക്കുന്നതിനിടെ അക്രമിയെ കൊലപ്പെടുത്തിയ യുവതിക്ക് ആറു വർഷം തടവ്. മെക്സികോ സ്റ്റേറ്റ് കോടതിയാണ് 2021ലെ സംഭവത്തിൽ 23കാരിക്ക് തടവ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 13 ലക്ഷത്തിലേറെ രൂപയും നൽകണം. യുവതി ബലാത്സംഗത്തിനിരയായതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

അന്ന് ചെയ്തതിൽ ഖേദിക്കുന്നു, പക്ഷേ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അയാൾ എന്നെ കൊലപ്പെടുത്തുമായിരുന്നു -യുവതി മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ മാധ്യമങ്ങൾക്കും പിന്തുണക്കുന്ന ആക്ടിവിസ്റ്റുകൾക്കും സംഘനടകൾക്കും 23കാരി അനുവാദം നൽകിയിരുന്നു.

നിങ്ങൾ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ പ്രതികരിക്കാൻ പോലും അവകാശമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കോടതി വിധിയെ വിമർശിച്ച് ഒരു അഭിഭാഷകൻ പ്രതികരിച്ചു.

കോടതി നടപടികൾക്കെതിരെ ഫെമിനിസ്റ്റ് സംഘടനകളുടെ പ്രതിഷേധം ഉയർന്നിരുന്നു. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും, അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ മെക്സിക്കോ പരാജയപ്പെടുന്നതിനെക്കുറിച്ചും വലിയ ചർച്ചയാണ് ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഉയർന്നിരുന്നത്. മെക്സിക്കൻ സ്ത്രീകളിൽ പകുതിയോളം പേരും ലൈംഗികാതിക്രമങ്ങൾ അനുഭവിക്കുന്നവരാണെന്ന് സർക്കാർ കണക്കുകൾ തന്നെ പറയുന്നു.

Tags