റഷ്യയ്ക്ക് താക്കീത് ; അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കുന്ന ഇടത്തെല്ലാം വിമാനം പറത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

google news
us

അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കുന്ന ഇടത്തെല്ലാം വിമാനം പറത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍. റഷ്യക്ക് താക്കീതായാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം റഷ്യയുടെ യുദ്ധ വിമാനം അമേരിക്കന്‍ ഡ്രോണിനെ ഇടിച്ചിട്ടിരുന്നു.
റഷ്യന്‍ പ്രതിരോധ സെക്രട്ടറി സെര്‍ഗി ഷോയ്ഗുവുമായി സംസാരിച്ചതിന് പിന്നാലെയാണ് യുഎസ് സെക്രട്ടറിയുടെ താക്കീത്.
വിമാനങ്ങള്‍ സുരക്ഷിതമായും പ്രഫഷണലായും പറത്തേണ്ടത് റഷ്യയുടെ ബാധ്യതയാണെന്ന് യുഎസ് ചൂണ്ടിക്കാട്ടി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നറിയാന്‍ പെന്റഗണ്‍ സംഭവത്തിന്റെ വീഡിയോ അവലോകനം ചെയ്യുകയാണെന്നും ഡ്രോണില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നും യുഎസ് ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ മാര്‍ക്ക് മില്ലെയ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് റഷ്യയുടെ രണ്ട് സുഖോയ് യുദ്ധ വിമാനങ്ങള്‍ കരിങ്കടലിന് മുകളില്‍ യുഎസിന്റെ ആളില്ലാ ഡ്രോണിനെ ഇടിച്ച് കടലിലിട്ടത്. അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണ പറക്കലിനിടെയാണ് എം ക്യു ഒമ്പത് ഡ്രോണില്‍ സുഖോയ് യുദ്ധവിമാനം ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഡ്രോണ്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് യുഎസ് ആരോപിച്ചു. എം ക്യു ഡ്രോണുകള്‍ ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകല്‍പന ചെയ്ത വലിയ ആളില്ലാ വിമാനങ്ങളാണ്. യുഎസിന്റെ ആരോപണം റഷ്യ നിഷേധിച്ചു. യുഎസ് ഡ്രോണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ വാദം. റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലാണ് കരിങ്കടല്‍. റഷ്യയും യുക്രെയ്‌നും കരിങ്കടലുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.
 

Tags