ഉപരോധം ലംഘിച്ച കേസിൽ റഷ്യൻ മുൻ മന്ത്രിക്ക് മൂന്നുവർഷം തടവ്


ലണ്ടൻ : ഉപരോധം ലംഘിച്ച കേസിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിക്ക് മൂന്നു വർഷത്തിലേറെ തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. മുൻ റഷ്യൻ മന്ത്രിയും ക്രീമിയയിലെ സെവസ്റ്റോപോളിലെ മുൻ ഗവർണറുമായിരുന്ന ദിമിത്രി ഒവ്സിയാനിക്കോവിനെയാണ് ലണ്ടനിലെ സൗത്ത്വാർക് ക്രൗൺ കോടതി ശിക്ഷിച്ചത്.
2014ൽ ക്രീമിയ പിടിച്ചെടുത്ത ശേഷമാണ് റഷ്യൻ രാഷ്ട്രീയ നേതാക്കൾക്കെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ, ഇതാദ്യമായാണ് ഉപരോധം ലംഘിച്ചതിന്റെ പേരിൽ റഷ്യൻ രാഷ്ട്രീയ നേതാവിനെ ബ്രിട്ടൻ ശിക്ഷിക്കുന്നത്.
ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ട് തുടങ്ങി ലണ്ടനിൽ കഴിയുന്ന ഭാര്യ എകറ്റെറിന ഒവ്സിയാനിക്കോവിൽനിന്ന് 75,000 പൗണ്ടും സഹോദരൻ അലക്സി ഓഷ്ജാനിക്കോവിൽനിന്ന് മെഴ്സിഡസ് ബെൻസ് കാറും കൈപ്പറ്റിയെന്നാണ് ദിമിത്രിക്കെതിരായ കേസ്. ഉപരോധം നിലനിൽക്കെ 2023 ജനുവരിയിലാണ് ദിമിത്രി ബ്രിട്ടീഷ് പാസ്പോർട്ട് സ്വന്തമാക്കിയത്.
