കറാക്കാസിലെ മദൂറോ അനുകൂല പ്രക്ഷോഭ ദൃശ്യങ്ങളുടെ സംപ്രേഷണം തുടർന്ന് വെനിസ്വേല സർക്കാർ ടി.വി

Venezuela

 ന്യൂയോർക്ക്: വെനിസ്വേല ഭരിക്കാൻ യു.എസ് സർക്കാർ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെ വെനിസ്വേലൻ ഔദ്യോഗിക ടി.വിയിൽ അമേരിക്ക തട്ടിക്കൊണ്ടു പോയ പ്രസിഡന്റ് നികളസ് മദൂറോക്ക് അനുകൂലമായ പ്രചാരണം തുടർന്നു. പ്രതിഷേധവുമായി കറാക്കാസിൽ തെരുവിലിറങ്ങുന്ന അനുയായികളുടെ തത്സമയ ചിത്രങ്ങൾ സർക്കാർ ടി.വിയിൽ സംപ്രേഷണം ചെയ്തു. കാറക്കസിൽ ശനിയാഴ്ച പുലർച്ച നടന്ന ആക്രമണത്തിൽ വ്യോമതാവളവും സിവിലിയന്മാരുടെ നിരവധി വാഹനങ്ങളും തകർന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.

tRootC1469263">

അതിനിടെ, മദൂറോയുടെ വിശ്വസ്തയും വൈസ് പ്രസിഡന്റുമായിരുന്ന ഡെൽസി റോഡ്രിഗ്വസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. സുപ്രീംകോടതി നിർദേശപ്രകാരമായിരുന്നു നടപടി. മദൂറോയെ മോചിപ്പിക്കണമെന്ന് ഡെൽസി ആവശ്യപ്പെട്ടു. തലസ്ഥാനമായ കറാക്കസിലെ സൈനികത്താവളത്തിലെ വീട്ടിൽനിന്ന് ശനിയാഴ്ച പുലർച്ച പിടികൂടിയ നികളസ് മദൂറോയെയും ഭാര്യയെയും ഹെലികോപ്റ്ററിലാണ് കടത്തിയത്.

ഇവരെ യു.എസിൽ അധികൃതർ ചോദ്യം ചെയ്തു. മയക്കുമരുന്ന് വിരുദ്ധ ഏജൻസി ന്യൂയോർക്കിൽ തടങ്കൽ കേന്ദ്രത്തിലാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. ആയുധക്കുറ്റവും അഴിമതിയും മയക്കുമരുന്ന് ഭീകരതയുമടക്കമുള്ള കുറ്റങ്ങൾ മദൂറോക്കും കുടുംബത്തിനുമെതിരെ ചുമത്തി. അഴിമതി നിറഞ്ഞതും നിയമവിരുദ്ധവുമായ സർക്കാറാണ് മദൂറോയുടേതെന്നും യു.എസ് ആരോപിക്കുന്നു. മാൻഹാട്ടൻ കോടതിയിലാകും മദൂറോയുടെ വിചാരണ നടക്കുക. താൽക്കാലികമായെങ്കിലും വെനിസ്വേലയെ ഭരിക്കുമെന്നും അവിടത്തെ വിശാലമായ എണ്ണശേഖരം മറ്റ് രാജ്യങ്ങൾക്ക് വിൽക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Tags