ഭരണകൂട വിരുദ്ധമെന്ന് കരുതുന്നവ പോസ്റ്റ് ചെയ്യുന്ന വ്യക്തികൾക്ക് വിസയും ഗ്രീൻ കാർഡും നിഷേധിക്കുമെന്ന് യു എസ് മുന്നറിയിപ്പ്


വാഷിങ്ടൺ : യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫലസ്തീൻ അനുകൂല വിദ്യാർഥി സംഘടന നേതാക്കൾക്ക് വിസ നിഷേധിക്കുന്നതിനിടെ ട്രംപ് ഭരണകൂടത്തിനും അമേരിക്കക്കുമെതിരായ സാമൂഹിക മാധ്യമ പ്രവർത്തനങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്നതായി റിപ്പോർട്ട്.
ട്രംപിന്റെ ഭരണത്തിനു കീഴിൽ എമിഗ്രേഷൻ അധികാരികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കുകയും ഭരണകൂട വിരുദ്ധമെന്ന് കരുതുന്നവ പോസ്റ്റ് ചെയ്യുന്ന വ്യക്തികൾക്ക് വിസയോ റെസിഡൻസി പെർമിറ്റോ നിഷേധിക്കുകയും ചെയ്യുമെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രസ്താവനയിൽ പ്രഖ്യാപിച്ചു. നയം ഉടനടി പ്രാബല്യത്തിൽ വരും.
‘തീവ്രവാദ അനുഭാവികൾക്ക് അമേരിക്കയിൽ ഇടമില്ല, അവരെ ഇവിടെ പ്രവേശിപ്പിക്കാനോ ഇവിടെ തന്നെ തുടരാൻ അനുവദിക്കാനോ തങ്ങൾക്ക് ബാധ്യതയില്ല’, ആഭ്യന്തര സുരക്ഷാ വകുപ്പിലെ പബ്ലിക് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലാഫ്ലിൻ പറഞ്ഞു. തീവ്രവാദികളിൽ നിന്നും അമേരിക്കയെ സംരക്ഷിക്കുന്നതിനായി ഭീകര സംഘടനകൾ, അക്രമാസക്തമായ സെമിറ്റിക് വിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ എന്നിവയെ പിന്തുണക്കുന്നവർ ഉൾപ്പെടെ, എല്ലാ പ്രസക്തമായ കുടിയേറ്റ നിയമങ്ങളും പരമാവധി നടപ്പിലാക്കുമെന്ന് യു.എസ് അധികൃതർ ബുധനാഴ്ച അറിയിച്ചു.
