ഇറാനെതിരെ ആക്രമണം ശക്തമാക്കാന്‍ യുഎസ് ; ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കല്‍ മുതല്‍ പിക്കാക്‌സ് മൗണ്ടന്‍ ആക്രമിക്കല്‍ വരെ പരിഗണനയില്‍
ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്താല്‍ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം യുഎസിന്റെ കൈയിലെത്തും.
ഇറാനെതിരെ സൈനിക നടപടി വിപുലീകരിക്കുന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ശക്തമായ വ്യോമാക്രമണം മുതല്‍ ഇറാന്റെ തന്ത്രപ്രധാനമായ മേഖലകള്‍ ലക്ഷ്യമിട്ടുള്ള കരയുദ്ധം വരെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് ട്രംപിന്റെ പരിഗണനയിലുള്ളതെന്ന് 'ദി വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. ഇറാനെതിരെ അടുത്തതായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ട്രംപ് ചര്‍ച്ച നടത്തി. വൈറ്റ് ഹൗസില്‍ അടുത്തിടെ ചേര്‍ന്ന യോഗത്തില്‍, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 'പിക്കാക്‌സ് മൗണ്ടന്‍' തുരങ്കത്തിന് നേരെ ആക്രമണം നടത്തുന്നതും ഉള്‍പ്പെടെ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്താല്‍ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം യുഎസിന്റെ കൈയിലെത്തും. ഇതോടെ ഇറാനു മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കയ്ക്ക് കഴിയും. അതേസമയം യുഎസ് സൈനികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും അമേരിക്കയ്ക്കുണ്ട്. ഷിപ്പിംഗ് റൂട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇറാന്റെ സൈനിക നിലപാടുകളെ പ്രതിരോധിക്കുന്നതിനുമായി ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള അബു മൂസ, ഗ്രേറ്റര്‍ ടുണ്‍ബ്, ലെസ്സര്‍ ടുണ്‍ബ് തുടങ്ങിയ മറ്റ് ദ്വീപുകള്‍ കൂടി കൈവശപ്പെടുത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ സൈനിക നീക്കങ്ങളെ പൂര്‍ണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ തന്ത്രപ്രധാന ദ്വീപുകള്‍ ലക്ഷ്യമിടുന്നത്.
ഇറാന്റെ ഭൂഗര്‍ഭ തുരങ്ക സമുച്ചയമായ 'പിക്കാക്‌സ് മൗണ്ടന്‍' ആക്രമിക്കുക എന്നതാണ് ട്രംപിന് മുന്നിലുള്ള മറ്റൊരു ആലോചന. പര്‍വതത്തിന് നൂറുകണക്കിന് അടി താഴെയായി സ്ഥിതി ചെയ്യുന്ന ഈ ആണവ കേന്ദ്രം തകര്‍ക്കുക എന്നത് യുഎസും ഇസ്രയേലും ഇതിനകം ലക്ഷ്യമിട്ട മറ്റ് ആണവ നിലയങ്ങളെ അപേക്ഷിച്ച് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
.jpg)

