ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥി യു.എസിൽ അറസ്റ്റിൽ


വാഷിങ്ടൺ: കൊളംബിയ യൂനിവേഴ്സിറ്റി കാമ്പസിൽ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥിയെ യു.എസ് ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. യു.എസിൽ നിയമപരമായി സ്ഥിര താമസക്കാരനായ ഫലസ്തീൻ വംശജൻ മുഹ്സിൻ മഹ്ദാവിയെയാണ് അറസ്റ്റ് ചെയ്തത്.
മുഹ്സിൻ നിലവിൽ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ലൂണ ഡ്രൂബി പറഞ്ഞു. എന്നാൽ, അദ്ദേഹത്തെ നാടുകടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ കോടതിയിൽ ഹരജി നൽകിയതായും അവർ അറിയിച്ചു. ഫലസ്തീൻ വംശജനായതിന്റെയും ഫലസ്തീനുവേണ്ടി വാദിച്ചതിന്റെയും പേരിൽ പ്രതികാര നടപടിയുടെ ഭാഗമായാണ് ട്രംപ് ഭരണകൂടം മുഹ്സിനെ അറസ്റ്റ് ചെയ്തത്. ഫലസ്തീനിലെ അതിക്രമങ്ങൾക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കമാണിത്. ഭരണഘടനാ വിരുദ്ധവുമായ നടപടിയാണെന്നും ലൂണ പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ജനിച്ച മുഹ്സിൻ 2014ലാണ് യു.എസിലെത്തിയത്. കൊളംബിയ യൂനിവേഴ്സിറ്റിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. യു.എസ് ഇമിഗ്രേഷൻ വകുപ്പ് നേരത്തേ അറസ്റ്റ് ചെയ്ത മഹമൂദ് ഖലീലിനൊപ്പം ചേർന്ന് കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഫലസ്തീൻ സ്റ്റുഡൻഡ് യൂനിയൻ രൂപവത്കരിച്ചിരുന്നു മുഹ്സിൻ.