യുഎസിന്റെ മിസൈൽ ശേഖരം തീരുന്നതായി റിപ്പോർട്ട്; ഇറാനിൽ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുന്നു ?

US missile stockpile reportedly running out; Is it preparing for compromise with Iran?

വാഷിങ്ടൺ: ഇറാനിലെ യുദ്ധം കാരണം അമെരിക്കയുടെ പ്രധാന മിസൈൽ ശേഖരം തീരുന്നതായി റിപ്പോർട്ട്. യുദ്ധത്തിന് മുൻപുള്ള ശേഖരവുമായി താരതമ്യം ചെയ്യുമ്പോൾ യുഎസ് സൈന്യം താഡ് (THAAD) മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ ഏകദേശം 80 ശതമാനത്തോളം ഇന്‍റർസെപ്റ്ററുകളും ഇതിനകം ഉപയോഗിച്ചുതീർത്തു. കൂടാതെ, പേട്രിയറ്റ് ഇന്‍റർസെപ്റ്ററുകളുടെ ഉപയോഗം 50 ശതമാനത്തോളമായി ഉയർന്നിട്ടുമുണ്ട്. ഏപ്രിൽ മാസം യുദ്ധത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ യുഎസ് സൈന്യം തങ്ങളുടെ ടോമാഹോക്ക് മിസൈലുകളുടെ ഏകദേശം 30 ശതമാനവും ഉപയോഗിച്ചിരുന്നതായി മുൻപ് റിപ്പോർട്ട് വന്നിരുന്നു.

വാരാന്ത്യത്തിൽ ഇറാനെതിരേ നടത്താൻ നിശ്ചയിച്ചിരുന്ന വലിയ ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിച്ചത്, പ്രതിരോധ ആയുധങ്ങളുടെ ഗണ്യമായ കുറവാണെന്നും സൂചന. അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ സമ്മർദം മൂലമാണ് ട്രംപ് ആക്രമണത്തിൽ നിന്ന് പിന്മാറിയതെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.സെന്‍റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്‍റർനാഷണൽ സ്റ്റഡീസിന്‍റെ കണക്കുകൾ പ്രകാരം, ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് യുഎസ് സേനയുടെ പക്കൽ ഏകദേശം 2,200 പേട്രിയറ്റ് മിസൈലുകളും 452 താഡ് മിസൈലുകളും ഉണ്ടായിരുന്നു.

യുദ്ധത്തിനിടയിൽ യുഎസ് ആർമി തങ്ങളുടെ കൃത്യതയേറിയ ദൂരപരിധിയുള്ള ഉപരിതല-വ്യോമ ആയുധങ്ങൾ "ഏകദേശം പൂർണമായും" ഉപയോഗിച്ചു തീർത്തതായി റിപ്പോർട്ട് പറയുന്നു. ദൂരപരിധിയും കൃത്യതയുമുള്ള മിസൈലുകളുടെ യുഎസ് ശേഖരത്തെക്കുറിച്ചുള്ള പ്രത്യേക ആശങ്കയും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇറാനിലെ ആക്രമണങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപുമായി നടത്തിയ ചർച്ചയിൽ ഗൾഫിലെ സഖ്യ രാജ്യങ്ങൾ തങ്ങളുടെ ആശങ്ക പങ്കുവച്ചിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കുറവ് കാരണം, ഇറേനിയൻ പ്രത്യാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറഞ്ഞതായാണ് അവരുടെ വിലയിരുത്തൽ.
 

Tags