ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പേർഷ്യൻ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് വൻ നാശനഷ്ടം
ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പേർഷ്യൻ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. എൻബിസി ന്യൂസാണ് അമേരിക്കൻ ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ കരുതിയതിനേക്കാൾ ഗുരുതരമായ തകരാറുകളാണ് യുഎസ് സൈനിക ഉപകരണങ്ങൾക്കും കേന്ദ്രങ്ങൾക്കും സംഭവിച്ചിരിക്കുന്നത്.
ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ മേഖലയിലെ ഏഴോളം രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. തന്ത്രപ്രധാനമായ നിയന്ത്രണ കേന്ദ്രങ്ങൾക്കും സംഭരണശാലകൾക്കും കേടുപാടുകൾ പറ്റി. എയർക്രാഫ്റ്റ് ഹാംഗറുകൾക്കും റൺവേകൾക്കും നേരെ ആക്രമണമുണ്ടായി. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, റഡാർ സംവിധാനങ്ങൾ എന്നിവ തകർക്കപ്പെട്ടു.
അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഒരു പഴയ ഇറാനിയൻ F-5 വിമാനം യുഎസ് താവളത്തിനുള്ളിൽ കടന്ന് ആക്രമണം നടത്തിയത് പെന്റഗണിന് വലിയ തിരിച്ചടിയായി. യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ചും റിപ്പോർട്ട് സൂചിപ്പിക്കുന്നു. യുദ്ധ നടപടികൾക്കായി പെന്റഗൺ യുഎസ് കോൺഗ്രസിൽ നിന്ന് 200 ബില്യൺ ഡോളറിലധികം ആവശ്യപ്പെട്ടതായാണ് വിവരം.
നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാത്തതിൽ അമേരിക്കൻ ഭരണകൂടത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ കടുത്ത അമർഷം രേഖപ്പെടുത്തി. പെന്റഗൺ റെക്കോർഡ് തുക ബജറ്റായി ആവശ്യപ്പെടുമ്പോഴും, എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് സുതാര്യതയില്ലെന്ന് ഇവർ ആരോപിക്കുന്നു. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇതുവരെ നാശനഷ്ടങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ഈ ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക മേധാവിത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിലൂടെയുണ്ടായ നഷ്ടങ്ങൾ പരിഹരിക്കാൻ കോടിക്കണക്കിന് ഡോളറുകൾ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
.jpg)

