ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം : സ്മാർട്ട്‌ഫോൺ വിതരണ ശൃംഖലയേയും ബാധിക്കുന്നതായി റിപോർട്ട്

iran

 പശ്ചിമേഷ്യൻ സംഘർഷം ആഗോള സ്മാർട്ട്‌ഫോൺ വ്യവസായത്തെയും ബാധിക്കുന്നതായി റിപോർട്ട്. റാം, സ്‌റ്റോറേജ് ചിപ്പുകളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പുതിയ സംഘർഷം വിതരണ ശൃംഖലയ്ക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയ ഉടൻ വിപണിയിലെത്തിക്കേണ്ടതിനാൽ കടൽമാർഗത്തെക്കാൾ ചെലവ് കൂടുതലാണെങ്കിലും സമയലാഭം കണക്കിലെടുത്ത് നിർമാതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് വ്യോമഗതാഗതമാണ്. ചൈനയിലും ഇന്ത്യയിലും അസംബിൾ ചെയ്യുന്ന ഭൂരിഭാഗം സ്മാർട്ട്‌ഫോണുകളും പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ വീപണികളിലേക്ക വിമാനമാർദമാണ് എത്തിക്കുന്നത്.

ദുബയ് അന്താരാഷ്ട്ര വിമാനത്താവളവും ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ആഗോള ചരക്ക് കൈമാറ്റത്തിലെ പ്രധാന കേന്ദ്രങ്ങളാണ്. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും അമേരിക്കയുടെ കിഴക്കൻ തീരദേശത്തേക്കും പോകുന്ന ചരക്കുകൾ ഇവിടെ കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഈ വിമാനത്താവളങ്ങൾ ഒരുക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം തുടർന്നാൽ ലോജിസ്റ്റിക് ചെലവ് വർധിക്കാനിടയുണ്ട്. ഇതോടെ സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് ബദൽ മാർഗങ്ങൾ തേടേണ്ടിവരും. ഇതിന്റെ ഭാഗമായി യൂറോപ്പിലേക്കുള്ള ചരക്ക് നീക്കത്തിനായി താഷ്‌കന്റ് പോലുള്ള മധ്യേഷ്യൻ വിതരണകേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വിദഗ്ദർ പറയുന്നത്.

അമേരിക്കയുടെ കിഴക്കൻ തീരദേശ വിപണികളിലേക്കുള്ള ചരക്കുകൾ കിഴക്കൻ ഏഷ്യയിലൂടെയോ വടക്കേ അമേരിക്കയിലൂടെയോ തിരിച്ചുവിടാനും സാധ്യതയുണ്ട്. ആഫ്രിക്കൻ വിപണികളിലേക്കുള്ള വിതരണത്തിന് അഡിസ് അബാബ, ഈജിപ്ത് തുടങ്ങിയ കേന്ദ്രങ്ങൾ ബദൽ മാർഗങ്ങളായി ഉപയോഗിക്കപ്പെടാൻ ഇടയുണ്ട്. വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവരുന്നത് യാത്രാസമയം വർധിപ്പിക്കുകയും ഏകദേശം 22.9 ലക്ഷം രൂപ വരെ അധിക ഇന്ധനച്ചെലവിന് കാരണമാവുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനിടെ പ്രമുഖ ബ്രാൻഡുകളായ ആപ്പിളും സാംസങ്ങും അവരുടെ 256 ജിബി ബേസ് മോഡൽ സ്മാർട്ട്‌ഫോണുകളുടെ വിലയിൽ മാറ്റം വരുത്തിയതായി റിപോർട്ടുകളുണ്ട്. വിപണിയിൽ ശക്തമായ സ്വാധീനം ഉള്ളതിനാൽ വമ്പൻ ബ്രാൻഡുകൾക്ക് ഉപഭോക്തൃവിശ്വാസം നിലനിർത്താൻ സാധിക്കുമെങ്കിലും ഇടത്തരം സ്മാർട്ട്‌ഫോൺ കമ്പനികൾക്ക് ഈ വർഷം കൂടുതൽ പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സെമികണ്ടക്ടർ കമ്പനികൾ റാം, സ്‌റ്റോറേജ് ചിപ്പുകളുടെ വിതരണത്തിൽ നിർമിത ബുദ്ധി ഡാറ്റാ സെന്ററുകൾക്ക് മുൻഗണന നൽകുന്നതും സ്മാർട്ട്‌ഫോൺ മേഖലയെ ബാധിക്കുന്ന ഘടകമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2027 വരെയും സ്മാർട്ട്‌ഫോൺ നിർമാതാക്കൾ വിതരണ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

Tags