അമേരിക്കയിൽ യാതൊരുവിധ വിശ്വാസവുമില്ല, നയതന്ത്ര സമീപനങ്ങളിൽ ആത്മാർത്ഥതയും സ്ഥിരതയും കാണിച്ചാൽ മാത്രമേ ചർച്ചകൾക്ക് തയ്യാറാകൂ : ഇറാൻ വിദേശകാര്യമന്ത്രി
അമേരിക്കയിൽ തങ്ങൾക്ക് യാതൊരുവിധ വിശ്വാസവുമില്ലെന്നും, വാഷിങ്ടൺ നയതന്ത്ര സമീപനങ്ങളിൽ ആത്മാർത്ഥതയും സ്ഥിരതയും കാണിച്ചാൽ മാത്രമേ ചർച്ചകൾക്ക് തയ്യാറാകൂവെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അരാഗ്ചി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരസ്പരവിരുദ്ധമായ നിലപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം വർധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ചർച്ചകളിൽ ആത്മാർത്ഥത പുലർത്തിയാൽ മാത്രമേ നയതന്ത്ര ചർച്ചകളുമായി മുന്നോട്ട് പോകൂവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തിൽ എണ്ണക്കടത്തിന് ഏറ്റവും പ്രധാനപ്പെട്ട പാതയായ ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അരാഗ്ചി പരാമർശിച്ചു. കടലിടുക്കിലെ സ്ഥിതിഗതികൾ നിലവിൽ വളരെ സങ്കീർണമാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ചില നിബന്ധനകൾക്ക് വിധേയമായി വാണിജ്യ കപ്പലുകളുടെ ഗതാഗതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ എത്രയും വേഗം കരാറിലെത്തണമെന്നും ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന കാര്യത്തിൽ താനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യോജിച്ചതായും ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
സാമ്പത്തിക ഉപരോധങ്ങളും സൈനിക ഭീഷണികളും ഒഴിവാക്കിയാൽ നയതന്ത്ര ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് ഇറാൻ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകിയാൽ അമേരിക്കയുമായുള്ള ഒരു കരാർ കൈയെത്തും ദൂരത്താണെന്ന് അരാഗ്ചി പറഞ്ഞിരുന്നു.
.jpg)

