മെക്‌സിക്കോക്കും കാനഡക്കും ഏര്‍പ്പെടുത്തിയ അധിക നികുതി മരവിപ്പിച്ച് അമേരിക്ക

trump
trump

കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. നേരത്തെ ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഇളവ് നല്‍കിയിരുന്നു.

കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് അമേരിക്ക. ഏപ്രില്‍ 2 വരെയാണ് വിലക്കിയത്. വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെയുണ്ടായ വിപണി മാന്ദ്യവും പരിഗണിച്ചാണ് തീരുമാനം. കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. നേരത്തെ ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഇളവ് നല്‍കിയിരുന്നു.

യുഎസ് ഓട്ടോ ഭീമന്മാരായ സ്റ്റെല്ലാന്റിസ്, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ് എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ കരാര്‍ ( യുഎസ്എംസിഎ ) പ്രകാരം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഒരു മാസത്തെ ഇളവ് ട്രംപ് അംഗീകരിച്ചു. എങ്കിലും, കനേഡിയന്‍, മെക്‌സിക്കന്‍ കയറ്റുമതിയുടെ ഗണ്യമായ ഭാഗങ്ങളെ താരിഫ് ഇപ്പോഴും ബാധിക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. കനേഡിയന്‍ ഇറക്കുമതിയുടെ ഏകദേശം 62% പുതിയ തീരുവകള്‍ക്ക് വിധേയമാകും. അതേസമയം, മെക്‌സിക്കന്‍ ഇറക്കുമതിയുടെ പകുതിയോളം യുഎസ്എംസിഎയ്ക്ക് കീഴില്‍ വരുന്നതിനാല്‍ അധിക തീരുവയില്‍ നിന്ന് ഒഴിവാക്കപ്പെടും.
താരിഫുകള്‍ യുഎസ് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നും പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍, വിപണിയിലെ ചാഞ്ചാട്ടം തന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന ആരോപണം ട്രംപ് തള്ളിക്കളഞ്ഞു. കാനഡ ഉയര്‍ന്ന താരിഫ് ഉള്ള ഒരു രാജ്യമാണ്. നമ്മുടെ പാല്‍ ഉല്‍പന്നങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും കാനഡ 250% ഈടാക്കുന്നു. തടിക്കും അതുപോലുള്ള കാര്യങ്ങള്‍ക്കും വലിയ താരിഫ് ഈടാക്കുന്നു. ഞങ്ങള്‍ക്ക് അവരുടെ തടി ആവശ്യമില്ല. ഞങ്ങള്‍ക്ക് അവരേക്കാള്‍ കൂടുതല്‍ തടി ഉണ്ട്. ഞങ്ങള്‍ക്ക് കാനഡയില്‍ നിന്നുള്ള കാറുകള്‍ ആവശ്യമില്ല. ഞങ്ങള്‍ക്ക് കാനഡയില്‍ നിന്ന് ഊര്‍ജ്ജം ആവശ്യമില്ല. ഞങ്ങള്‍ക്ക് കാനഡയില്‍ നിന്ന് ഒന്നും ആവശ്യമില്ലെന്നും ഏപ്രില്‍ രണ്ടിന് അധിക നിരക്ക് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു. 

കനേഡിയന്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ആഭ്യന്തര വിഭവ ഉപയോഗം വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ട്രംപ് പറഞ്ഞു. ഇതിനു വിപരീതമായി, മെക്‌സിക്കോയുമായുള്ള കൂടുതല്‍ സഹകരണത്തിന് ട്രംപ് തയാറായി. മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, യുഎസ്എംസിഎയുടെ പരിധിയില്‍ വരുന്ന സാധനങ്ങള്‍ക്ക് മെക്‌സിക്കോ തീരുവ ചുമത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, അമേരിക്കയുടെ അധിക തീരുവ നയത്തിന് അതേഭാഷയില്‍ തിരിച്ചടി നല്‍കുമെന്ന് കാനഡയും വ്യക്തമാക്കി.

Tags