ജമ്മു കശ്മീര്‍ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡറുടെ പ്രസ്താവനയില്‍ പാകിസ്ഥാന് മുറുമുറുപ്പ്

us ambassador

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് സെര്‍ജിയോ ഗോര്‍.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡറുടെ പ്രസ്താവനയില്‍ പാകിസ്ഥാന് മുറുമുറുപ്പ്. യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ പ്രസ്താവനയില്‍ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചു. ബുധനാഴ്ച നടന്ന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ ശ്രീനഗറില്‍ വെച്ചു മാധ്യമങ്ങളോട് പ്രതികരിക്കവെ ആണ് സെര്‍ജിയോ ഗോര്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ ആണ് പാകിസ്ഥാന്റെ നടപടി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് സെര്‍ജിയോ ഗോര്‍. ബുധനാഴ്ച ശ്രീനഗറില്‍ എത്തിയ സെര്‍ജിയോ ഗോര്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇരുവരും ഒരുമിച്ചു മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതിനിടെ ആണ്, സെര്‍ജിയോ ഗോര്‍ ജമ്മു കശ്മീരിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. ജമ്മു കശ്മീരില്‍ എത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്നുമായിരുന്നു സെര്‍ജിയോ ഗോര്‍ പറഞ്ഞത്.
'ഇവിടെ വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഞാന്‍ ആദ്യമായാണ് ഇവിടെ സന്ദര്‍ശിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന തരത്തില്‍ മനോഹരമായ ഒരു സ്ഥലമാണ്. ഇവിടെ വരാന്‍ കഴിഞ്ഞതിലും ഈ സ്ഥലം കാണാന്‍ കഴിഞ്ഞതിലും എനിക്ക് അതിയായ ആഹ്ലാദമുണ്ട്'- സെര്‍ജിയോ ഗോര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ച ഊഷ്മളവും ഹൃദ്യവുമായിരുന്നുവെന്നും സെര്‍ജിയോ ഗോര്‍ പറഞ്ഞു. ഈ ബന്ധം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് യുഎസ് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണറുമായും സെര്‍ജിയോ ഗോര്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അദ്ദേഹം വ്യാഴാഴ്ച ലഡാക്കിലേക്കും എത്തും.

Tags