യു.എസും ഇറാനും വെടിനിർത്തലിനോടുള്ള പ്രതിബദ്ധത നിലനിർത്തണം : പാകിസ്താൻ ഉപപ്രധാനമന്ത്രി

pakistan

 ഇസ്‌ലാമാബാദ്: യു.എസും ഇറാനും വെടിനിർത്തലിനോടുള്ള പ്രതിബദ്ധത നിലനിർത്തണമെന്നും അനുകൂലമനസ്സോടെ ചർച്ചകൾ തുടരണമെന്നും പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ അഭ്യർഥിച്ചു. മേഖലയിൽ 'ശാശ്വത സമാധാനവും സമൃദ്ധിയും' കൈവരിക്കുന്നതിനായി ഇരുപക്ഷവും പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾക്ക് പാകിസ്താൻ തുടർന്നും വേദിയൊരുക്കുമെന്നും വെടിനിർത്തൽ ചർച്ചയിൽ പാകിസ്താന്റെ പങ്ക് അംഗീകരിച്ചതിന് ഇരുരാജ്യങ്ങളോടും നന്ദിയുണ്ടെന്നും ദർ കൂട്ടിച്ചേർത്തു.

ആഴ്ചകൾ നീണ്ട സംഘർഷത്തിനും കടുത്തഅവിശ്വാസത്തിനുമിടെ ഒറ്റ റൗണ്ട് ചർച്ചയിൽ അമേരിക്കയുമായി ഒരു കരാർ പ്രതീക്ഷിക്കുന്നത് യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു. ചില വിഷയങ്ങളിൽ ഇരുപക്ഷവും ഒരു ധാരണയിലെത്തിയെങ്കിലും "രണ്ടോ മൂന്നോ പ്രധാന" കാര്യങ്ങളിൽ ഭിന്നത തുടരുകയാണെന്ന് ബഗായ് പറഞ്ഞു. യു.എസ് ഈ വിഷയത്തിന് നൽകുന്ന ഗൗരവവും വിശ്വാസവും, ഇറാന്റെ നിയമപരമായ അവകാശങ്ങളും താൽപ്പര്യങ്ങളും അംഗീകരിക്കപ്പെടുന്നതും ആശ്രയിച്ചായിരിക്കും ചർച്ചയുടെ പുരോഗതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags