ഹുർമുസ് നിയന്ത്രണം അവകാശപ്പെട്ട് യു.എസും ഇറാനും
തെഹ്റാൻ: പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ തുടരുന്നതിനിടെ, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് യു.എസും ഇറാനും. അമേരിക്കൻ സെൻട്രൽ കമാൻഡ് തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ ഉപകരണങ്ങൾ, ചെറുകപ്പലുകൾ എന്നിവ ഉൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായാണ് അമേരിക്കയുടെ വിശദീകരണം. ഹുർമുസ് കടലിടുക്ക് ആഗോള വ്യാപാരത്തിന് നിർണായകമായ സമുദ്രപാതയാണ്. അതിന്റെ നിയന്ത്രണം ഇറാന്റെ കയ്യിലല്ല -സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അമേരിക്കയുടെ അവകാശവാദം തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തി. ഹുർമുസ് കടലിടുക്ക് ഇറാന്റെ പ്രദേശമാണെന്നും വിദേശ സൈനിക ഇടപെടൽ അനുവദിക്കില്ലെന്നും ഐ.ആർ.ജി.സി പ്രസ്താവനയിൽ അറിയിച്ചു.
തിങ്കളാഴ്ച ബഹ്റൈനിലും കുവൈത്തിലും മിസൈൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു. ഇരുരാജ്യങ്ങളും ആക്രമണങ്ങൾ വിജയകരമായി പ്രതിരോധിച്ചതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഒമാൻ തീരത്തോട് ചേർന്ന ഹുർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിനെ ഇറാൻ ആക്രമിച്ചതോടെയാണ് സ്ഥിതി വീണ്ടും വഷളായത്. ആഗോള ക്രൂഡ് ഓയിൽ, പ്രകൃതി വാതക വ്യാപാരത്തിന്റെ പ്രധാന പാതയായ ഹുർമുസ് കടലിടുക്ക് യുദ്ധം ആരംഭിച്ചതുമുതൽ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്.
.jpg)

