ഇറാനില്‍ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം; അന്വേഷിക്കുമെന്ന് ജെ ഡി വാന്‍സ്
യുസ് സൈന്യത്തിന് എപ്പോഴെങ്കിലും തെറ്റുപറ്റിയാല്‍ അതില്‍ നിന്ന് പഠിച്ച് തിരുത്തുകയാണ് പതിവെന്നും വാന്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടുകളില്‍ അന്വേഷണം ആരംഭിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. വ്യക്തമായ വിവരങ്ങള്‍ അറിയാനായി അന്വേഷണം നടത്തുന്നുണ്ടെന്നും, യുഎസ് സൈന്യത്തിന് എപ്പോഴെങ്കിലും തെറ്റുപറ്റിയാല്‍ അതില്‍ നിന്ന് പഠിച്ച് തിരുത്തുകയാണ് പതിവെന്നും വാന്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന്റെ തീരത്തുള്ള സിറിക് കൗണ്ടിയിലെ കുഹെസ്തക് ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 22-കാരിയും മരിച്ചതോടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. നാലു വയസ്സുള്ള കുട്ടിയുള്‍പ്പെടെ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിലാപയാത്രയ്ക്ക് ശേഷം ഇന്നലെ നാല് പേരുടെ മൃതദേഹം സംസ്‌കരിച്ചു. ഒരു ആഘോഷവേളയെ ഈ വ്യോമാക്രമണം കണ്ണീരിലാഴ്ത്തിയെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു. അതേസമയം തങ്ങള്‍ ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നാണ് യുഎസ് സൈന്യത്തിന്റെ അവകാശവാദം. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഇറാനിയന്‍ തീരത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതെന്നാണ് സൈന്യം പറയുന്നത്. ഏഴു മാസമായി നീളുന്ന പോരാട്ടം രൂക്ഷമായി തുടരുമ്പോഴും ഇതിനെ 'യുദ്ധം' എന്ന് വിളിക്കാന്‍ വാന്‍സ് തയ്യാറായില്ല. പ്രധാന യുദ്ധനടപടികള്‍ അവസാനിച്ചെന്നും എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ഭീഷണി തടയുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

