യുഎഇയിൽ അസ്ഥിര കാലാവസ്ഥ

uae road
uae road

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരക്കെ മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയും മറ്റു പ്രദേശങ്ങളിൽ നേരിയ മഴയും രേഖപ്പെടുത്തി. മഴയെത്തുടർന്ന് രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ ദിവസം കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസായും കുറഞ്ഞ താപനില 17ഡിഗ്രിയായും രേഖപ്പെടുത്തി. പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിന്റെയും അന്തരീക്ഷത്തിലെ തണുത്ത വായുവിന്റെ സാന്നിധ്യത്തിന്റെയും ഫലമായി രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

tRootC1469263">

യുഎഇയിൽ ഡിസംബർ 19 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗം മണിക്കൂറിൽ 25 കിലോമീറ്റർ വരെ വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ് ദൃശ്യപരത കുറയാൻ ഇടയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ബുധനാഴ്ച വരെ ഇടിമിന്നലിന്റെ അകമ്പടിയോടെയുള്ള തീവ്ര മഴയാണ് പല പ്രദേശങ്ങളിലും പ്രതീക്ഷിക്കുന്നത്.

അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണം. കൂടാതെ, മിന്നൽ പ്രളയ സാധ്യതയുള്ളതിനാൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും തടാകങ്ങളിൽ നിന്നും (വാദി) പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Tags