ഗസ്സയിൽ അഭയാർഥി ക്യാമ്പുകളിൽ വൃത്തിഹീനമായ അന്തരീക്ഷമെന്ന് ഐക്യരാഷ്ട്രസഭ


യുനൈറ്റഡ് നാഷൻസ് : സംഘർഷം രൂക്ഷമായതിനുശേഷം കുടിയിറക്കപ്പെട്ടവരിൽ പലരും ചെള്ളുകളടക്കം നിറഞ്ഞ വൃത്തിഹീനമായ അഭയകേന്ദ്രങ്ങളിലേക്ക് മാറാൻ നിർബന്ധിതരായതായി യു.എൻ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഏകദേശം 2,80,000 ഗസ്സ നിവാസികൾ പുതിയതായി കുടിയിറക്കപ്പെട്ടതായും ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
യു.എൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ചെള്ളുകളടക്കം വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്നതിനാൽ ചർമ്മത്തിൽ തിണർപ്പ്, മറ്റു ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകുന്നുണ്ട്. ഗസ്സയിൽ ശുചിത്വ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വസ്തുക്കളുടെ കുറവ് കാരണം പ്രശ്നം പരിഹരിക്കുന്നത് ബുദ്ധിമുട്ടാകുന്നുവെന്ന് ഓഫിസ് അറിയിച്ചു.

അതിനിടെ, ഐക്യരാഷ്ട്രസഭയും അതിന്റെ മാനുഷിക പങ്കാളികളും ഗസ്സ നിവാസികളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നത് തുടരുന്നുവെന്നും ഓഫിസ് വൃത്തങ്ങൾ പറഞ്ഞു. ഗസ്സയ്ക്കുള്ളിലെ ഭക്ഷ്യലഭ്യത അതിവേഗം അവസാനിച്ചു വരികയാണ്.
എന്നിരുന്നാലും ഇതുവരെ പ്രതിദിനം 90 ലക്ഷത്തിലധികം ഭക്ഷണം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഓഫിസ് അറിയിച്ചു. ഗസ്സയിലേക്ക് ചരക്കുകളും മാനുഷിക സഹായങ്ങളും എത്തിക്കുന്നതിനായി അതിർത്തി ചെക് പോസ്റ്റുകൾ ഉടൻ തുറക്കണമെന്ന് യു.എൻ ഓഫിസ് ആവശ്യപ്പെട്ടു. വടക്കൻ ഗസ്സ മുനമ്പിലെ പല പ്രദേശങ്ങളിലെയും സിവിലിയന്മാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം നേരത്തെ ഉത്തരവിട്ടിരുന്നു.