യുക്രൈന്‍ തലസ്ഥാനമായ കീവ് വിടാന്‍ വിദേശികള്‍ക്ക് മുന്നറിയിപ്പ് ; യുക്രൈനില്‍ ശക്തമായ ആക്രമണത്തിനൊരുങ്ങി റഷ്യ
നയതന്ത്ര ഉദ്യോഗസ്ഥരോടും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം നഗരം വിട്ടുപോകാന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വരും ദിവസങ്ങളില്‍ ശക്തമായ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ. കീവിലുള്ള വിദേശ പൗരന്മാരോടും നയതന്ത്ര ഉദ്യോഗസ്ഥരോടും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം നഗരം വിട്ടുപോകാന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു. റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌ക് മേഖലയിലെ ഒരു വിദ്യാര്‍ത്ഥി ഹോസ്റ്റലിന് നേരെ യുക്രൈന്‍ ബോധപൂര്‍വം ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ ആരോപിക്കുന്നു. ഇതില്‍ 21 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ ആക്രമണത്തിന് പകരമായാണ് കീവിന് നേരെ വ്യവസ്ഥാപിതമായ ശക്തമായ തിരിച്ചടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഉത്തരവിട്ടത്. അതേസമയം തങ്ങള്‍ തകര്‍ത്തത് റഷ്യയുടെ ഒരു പ്രമുഖ ഡ്രോണ്‍ കമാന്‍ഡ് യൂണിറ്റിനെ മാത്രമാണെന്ന് യുക്രൈന്‍ സൈന്യം വ്യക്തമാക്കി.
കീവിലെ യുക്രെയ്ന്‍ സൈനിക വ്യവസായ സമുച്ചയങ്ങള്‍, ഡ്രോണ്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും നടത്തുന്ന കേന്ദ്രങ്ങള്‍, പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന കമാന്‍ഡ് സെന്ററുകള്‍ എന്നിവ ലക്ഷ്യമിട്ടായിരിക്കും റഷ്യയുടെ ആക്രമണമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കീവിന് നേരെ റഷ്യ നടത്തിയ അതിശക്തമായ ആക്രമണത്തില്‍ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ശബ്ദത്തേക്കാള്‍ പത്തുമടങ്ങു വേഗത്തില്‍ സഞ്ചരിക്കുന്ന ഒരെഷ്‌നിക് ഹൈപ്പര്‍സോണിക് മിസൈല്‍ റഷ്യ പ്രയോഗിച്ചിരുന്നു. നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഇതു മൂന്നാം തവണയാണ് റഷ്യ ഈ അത്യാധുനിക മിസൈല്‍ ഉപയോഗിക്കുന്നത്.
.jpg)

