30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് യുക്രെയ്ന്‍

ukraine president
ukraine president

വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു. അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് യുക്രെയ്ന്‍. അമേരിക്ക മുന്നോട്ട് വെച്ച കരാര്‍ യുക്രെയ്ന്‍ അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച യുക്രെയ്‌നുള്ള സാമ്പത്തിക സഹായം അമേരിക്ക പുനസ്ഥാപിക്കും. ഇന്റലിജന്‍സ് വിവരങ്ങള്‍ നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയും പിന്‍വലിക്കും. വിഷയത്തില്‍ റഷ്യന്‍ നിലപാട് നിര്‍ണായകമാണ്. റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിച്ചെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താത്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട യുക്രെയ്ന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണ ചര്‍ച്ചയായി. ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യുക്രെയ്ന്‍ ആവശ്യപ്പെട്ടു.

Tags