വ്‌ളാദിമിർ പുതിന്റെ വസതിയെ ലക്ഷ്യമിട്ട് യുക്രൈൻ ആക്രമണം: ഡ്രോണിന്റെ ദൃശ്യം പുറത്തുവിട്ട് റഷ്യ

Ukraine attack targeting Vladimir Putin's residence: Russia releases drone footage

മോസ്‌കോ: പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ വസതിക്ക് നേരേ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വെടിവെച്ചിട്ട ഡ്രോണിന്റെ ദൃശ്യം പുറത്തുവിട്ട് റഷ്യ. യുക്രൈൻ തൊടുത്തവിട്ട ഡ്രോണാണെന്ന് അവകാശപ്പെട്ടാണ് റഷ്യ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

tRootC1469263">

മഞ്ഞുപുതഞ്ഞ സ്ഥലത്ത് തകർന്നുകിടക്കുന്ന ഡ്രോണാണ് റഷ്യ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണമാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.വെടിവെച്ചിട്ട ഡ്രോൺ മനുഷ്യജീവനെടുക്കാനും നാശനഷ്ടമുണ്ടാക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം പരാമർശിച്ചു. നൊവ്‌ഗൊറോദ് മേഖലയിലെ വാൽദായ് ജില്ലയിലെ ഒരു സംരക്ഷിതകേന്ദ്രം ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണമുണ്ടായതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ നൊവ്‌ഗൊറോദിലെ വസതിക്ക് നേരേ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചത്. തിങ്കളാഴ്ച രാത്രി ഏകദേശം 91 ഡ്രോണുകളാണ് യുക്രൈൻ അയച്ചതെന്നും എന്നാൽ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെ എല്ലാം തകർത്തെന്നും റഷ്യ പറഞ്ഞിരുന്നു. 

 ഡ്രോൺ ആക്രമണം നടന്ന സമയത്ത് പ്രസിഡന്റ് വസതിയിലുണ്ടായിരുന്നോ അതോ മറ്റെവിടെയെങ്കിലും ആയിരുന്നോ എന്നതിൽ റഷ്യ വ്യക്തത നൽകിയിരുന്നില്ല.അതേസമയം, റഷ്യയുടേത് കെട്ടിച്ചമച്ച കഥയാണെന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ പ്രതികരണം. യുഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്രശ്രമങ്ങൾ അട്ടിമറിക്കാനായാണ് റഷ്യ ഇത്തരം 'അപകടകരമായ പ്രസ്താവനകൾ' നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 

Tags