ഹോര്‍മുസ് തുറക്കാന്‍ സുപ്രധാന നീക്കവുമായി യുകെ ; 35 രാജ്യങ്ങളെ ഏകോപിപ്പിക്കും
കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും നാവികരെയും കടത്തിവിടുന്നതിനും ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും യോഗം വിലയിരുത്തുമെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര നയതന്ത്ര സമ്മേളനം നടത്താന്‍ യു.കെ. ഈ ആഴ്ച അന്താരാഷ്ട്ര നയതന്ത്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അറിയിച്ചു. സമുദ്ര സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും പ്രധാന എണ്ണ ഗതാഗത പാതയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുമായി 35 രാജ്യങ്ങള്‍ ഇതിനകം തന്നെ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. സമുദ്രയാത്ര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും നാവികരെയും കടത്തിവിടുന്നതിനും ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും യോഗം വിലയിരുത്തുമെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. നിലവിലെ യുദ്ധത്തിന്റെ ആഘാതം ഒരു തലമുറയെ തന്നെ ബാധിക്കുമെന്നും 1970-കളിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം, പ്രദേശം സുരക്ഷിതമാക്കുന്നതിനായി ഏകോപനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കാത്ത രാജ്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് സ്റ്റാര്‍മറുടെ ഈ നീക്കം. ഇറാനെതിരായ നീക്കങ്ങളില്‍ സഹകരിക്കാത്ത രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് എണ്ണ കണ്ടെത്തണമെന്ന് ട്രംപ് പരിഹസിച്ചു. കടലിടുക്ക് തിരിച്ചുപിടിക്കാന്‍ ബ്രിട്ടനോടും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.
ഇറാനെതിരായ യു.എസ് - ഇസ്രയേല്‍ സംയുക്ത യുദ്ധത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍മറും ട്രംപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. യുഎസും യുകെയും ദീര്‍ഘകാല സഖ്യകക്ഷികളാണെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും സ്റ്റാര്‍മര്‍ പ്രതികരിച്ചു. ലോകത്തിലെ എണ്ണ - വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധി ആഗോള തലത്തില്‍ പണപ്പെരുപ്പത്തിനും ഊര്‍ജ്ജ പ്രതിസന്ധിക്കും ഇടയാക്കിയിരിക്കുകയാണ്.
.jpg)


