ജപ്പാനില്‍ ഡുജുആന്‍ ചുഴലിക്കാറ്റില്‍ വ്യാപകനാശം ; 6 പേര്‍ കൊല്ലപ്പെട്ടു
ചിബ പ്രവിശ്യയിലെ അമ്പത്തെണ്ണായിരത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടമായി.
ജപ്പാനില്‍ ഡുജുആന്‍ ചുഴലിക്കാറ്റില്‍ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് 6 പേര്‍ കൊല്ലപ്പെട്ടു. 22 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രതികൂല കാലവസ്ഥ മൂലം മുന്നൂറോളം വിമാനങ്ങള്‍ റദ്ദാക്കി. ടോക്കിയോയിലും സമീപ സംസ്ഥാനങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. 50,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. ജപ്പാന്റെ പസഫിക് തീരത്തുകൂടി കടന്നുപോയ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമാണ് ജപ്പാനില്‍ സൃഷ്ടിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ചിബ പ്രവിശ്യയിലെ അമ്പത്തെണ്ണായിരത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറി.
ജപ്പാനില്‍ സില്‍വര്‍ വീക്ക് എന്ന പേരില്‍ അറിയപ്പെടുന്ന അവധിക്കാലത്താണ് ഈ പ്രകൃതിദുരന്തം ഉണ്ടായത്. ഓഗസ്റ്റിലും സെപ്റ്റംബര്‍ തുടക്കത്തിലും കനത്ത മഴ നേരിട്ട ചിബ പ്രവിശ്യയെയാണ് ഈ കൊടുങ്കാറ്റും ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ചിബയില്‍ മാത്രം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അമ്പത്തൊന്നുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മറ്റുള്ളവര്‍ 70നും 80നും ഇടയില്‍ പ്രായമുള്ളവരാണ്. ടോക്കിയോയ്ക്ക് സമീപമുള്ള കനഗാവ പ്രവിശ്യയിലെ യോക്കോസുക, മിയുര എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ മണ്ണടിച്ചിലുകള്‍ ഉണ്ടായി. കാണാതായ നാലുപേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
.jpg)

