'ബാവി' ചുഴലിക്കാറ്റ് ; തായ്‌വാനിലും ചൈനയിലും കൊടുങ്കാറ്റ് മുന്നറിയിപ്പ്

strom

 ബെയ്ജിങ്: പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട അതിശക്തമായ 'ബാവി' ചുഴലിക്കാറ്റിനെ തുടർന്ന് തായ്‌വാനിലും ചൈനയിലും കൊടുങ്കാറ്റ് മുന്നറിയിപ്പ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വരും ദിവസങ്ങളിൽ ഈ മേഖലകളിൽ കനത്ത നാശം വിതച്ചേക്കുമെന്നാണ് ആശങ്ക. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ ശനിയാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കരകയറുമെന്നാണ് ചൈനീസ് നാഷണൽ മെറ്റീരിയോളജിക്കൽ സെന്ററിന്റെ പ്രവചനം. ഇതിനുമുമ്പ് തായ്‌വാനിൽ വീശിയടിച്ച 'കോങ്-റെയ്' ചുഴലിക്കാറ്റിനേക്കാൾ ശക്തമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. 1987ന് ശേഷം ഇത്രയും വലിയ വ്യാപ്തിയുള്ള ഒരു ചുഴലിക്കാറ്റ് തായ്‌വാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ഗ്വാങ്‌സിയിൽ 'മെയ്‌സാക്ക്' ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിൽ നിന്ന് കരകയറും മുമ്പേയാണ് ബാവി എത്തുന്നത്. മെയ്‌സാക്ക് ചുഴലിക്കാറ്റിൽപ്പെട്ട് 39 പേർ മരിക്കുകയും ഒമ്പത് പേരെ കാണാതാവുകയും ചെയ്തിരുന്നു. നിലവിൽ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടയിലാണ് ബാവി ചുഴലിക്കാറ്റിന്റെ വരവ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇത്തരം അതിശക്തമായ ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത് വർധിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 'എൽ നിനോ' പ്രതിഭാസത്തിന്റെ സ്വാധീനത്താൽ സമുദ്രോപരിതലത്തിലെ താപനില ഉയർന്നത് ഈ ചുഴലിക്കാറ്റിന്റെ ശക്തി വർധിപ്പിച്ചേക്കാം. തായ്‌വാനിലെ സുവാവോ തുറമുഖത്ത് മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജപ്പാനിലെ ഒകിനാവയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags