പാകിസ്ഥാനില്‍ രണ്ടിടങ്ങളിലായി ഭീകരാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

pakistan
pakistan

ബലൂചികളല്ലാത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.

പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബലൂചികളല്ലാത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.

ബലൂചികളല്ലാത്തവര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിന് നേരെയാണ് ഒരു ആക്രമണം നടന്നത്. മറ്റൊന്ന് പൊലീസിനെ ലക്ഷ്യമിട്ടുമാണ്. ബലൂചിസ്താനിലെ ഗ്വാദര്‍ ജില്ലയിലുള്ള തീരദേശ മേഖലയായ പസ്‌നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ഒരുഡസനോളം വരുന്ന തീവ്രവാദികള്‍ ബസ് തടഞ്ഞ് നിര്‍ത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ഒന്നാമത്തെ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ടാമത്തെ ആക്രമണം ബലൂചിസ്താന്‍ പ്രവിശ്യ തലസ്ഥാനമായ ക്വെറ്റയിലാണ്. സുരക്ഷ സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സുരക്ഷ സേനയുടെ വാഹനത്തിന് സമീപം ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ഐഇഡി സ്ഫോടനം നടത്തിയാണ് ആക്രമണം.

രണ്ടാമത്തെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്.

Tags

News Hub