മോദിയെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കം വിലപ്പോവില്ല; ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് ഇന്ത്യയെ പുകഴ്ത്തി പുടിന്‍

putin

സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ തലവന്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച് പുടിന്‍ രംഗത്തെത്തിയത്.

റഷ്യയുമായുള്ള നയതന്ത്ര - സാമ്പത്തിക ബന്ധങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ തലവന്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച് പുടിന്‍ രംഗത്തെത്തിയത്. ഇന്ത്യ റഷ്യയുടെ വിശ്വസ്ത പങ്കാളിയാണെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായുള്ള സഹകരണത്തെ ഭീഷണിയായി കാണുന്നില്ലെന്നും പുടിന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്നത് തികച്ചും വ്യര്‍ത്ഥമാണെന്ന് പുടിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ ചെലുത്തുന്ന ശക്തമായ സമ്മര്‍ദ്ദങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു പുടിന്റെ പ്രതികരണം. ഇന്ത്യയുടെ ആഭ്യന്തര - വിദേശ തീരുമാനങ്ങളില്‍ പുറത്തുനിന്നുള്ള ശക്തികള്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തെ നയിക്കുന്ന നരേന്ദ്ര മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്കും ഉഭയകക്ഷി സൗഹൃദങ്ങള്‍ക്കും വലിയ പരിക്കേല്‍പ്പിക്കുമെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു.

ഊര്‍ജ്ജം, വ്യാപാരം, പ്രതിരോധം എന്നീ മേഖലകളില്‍ റഷ്യയുമായി ഇന്ത്യ തുടരുന്ന ശക്തമായ പങ്കാളിത്തത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള ആശങ്കകളെയാണ് പുടിന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇത്തരം ബാഹ്യ ഇടപെടലുകളോ ഭീഷണികളോ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ സമ്മര്‍ദ്ദങ്ങള്‍ എവിടെ നിന്ന് വന്നാലും തങ്ങളെ അത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയും ഇന്ത്യയും തമ്മിലുള്ള സുദൃഢമായ ബന്ധത്തെ കുറിച്ച് തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് പുടിന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Tags