ട്രംപ് തെറ്റിദ്ധരിക്കപ്പെട്ടു ; എട്ടു സ്ത്രീകള്‍ക്ക് വധശിക്ഷയെന്ന വാദം നിഷേധിച്ച് ഇറാന്‍
വ്യാജ വാര്‍ത്തകളാല്‍ ട്രംപ് ഒരിക്കല്‍ കൂടി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇറാന്‍ വ്യക്തമാക്കി.
പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായ എട്ടു സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കുമെന്ന വാദം നിഷേധിച്ച് ഇറാന്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്ന് ഇറാന്‍ ജുഡീഷ്യറി ഔദ്യോഗികമായി അറിയിച്ചു. വ്യാജ വാര്‍ത്തകളാല്‍ ട്രംപ് ഒരിക്കല്‍ കൂടി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇറാന്‍ വ്യക്തമാക്കി.
വധശിക്ഷ കാത്തിരിക്കുന്നവരെന്ന് പറഞ്ഞ സ്ത്രീകളില്‍ ചിലരെ ഇതിനോടകം തന്നെ വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പരമാവധി തടവുശിക്ഷയാകും ലഭിക്കുകയെന്നും ഇറാന്‍ ജുഡീഷ്യറി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
ഇറാനിലെ എട്ടു സ്ത്രീകള്‍ വധശിക്ഷ കാത്തു കഴിയുകയാണെന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ അവകാശ വാദം. ഇവരുടെ ചിത്രങ്ങളെന്ന് പറഞ്ഞ് എട്ടു സ്ത്രീകളുടെ ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ പോസ്റ്റാണ് യുഎസ് പ്രസിഡന്റ് ട്രംപും ആവര്‍ത്തിച്ചത്. ഈ സ്ത്രീകളെ വിട്ടയ്ക്കണമെന്നും ഇതു ചര്‍ച്ചകളില്‍ ഇറാന് അനുകൂലഘടകമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.
സ്ത്രീകള്‍ വധശിക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന വാദം ഇറാന്‍ നിഷേധിച്ചെങ്കിലും ഇതു ശരിയല്ലെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
.jpg)

